പേരാമ്പ്ര കൊലപാതകം: മുജിബിന് പിന്നാലെ അബുബക്കറും പിടിയിൽ, ‘അനുവിനെ കൊലപ്പെടുത്തിയത് സ്വർണത്തിനായി’

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ തോടിന് സമീപത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ട മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാണ് കേസിൽ ആദ്യം പിടിയിലായത്. ഇതിന് പിന്നാലെ ഇയാളെ സ്വർണ്ണം വിൽക്കാൻ സഹായിച്ച പ്രതിയെയും പൊലീസ് കണ്ടെത്തി പിടികൂടുകയായിരുന്നു. കൊണ്ടോട്ടി സ്വദേശി തന്നെയായ അബുബക്കറെന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പ്രതികളുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അനുവിനെ കാണാതാവുന്നത്. തുടര്‍ന്ന് അടുത്ത ദിവസം വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മുങ്ങിമരിക്കാനുള്ള വെള്ളം തോട്ടില്‍ ഇല്ലായിരുന്നെന്നും മൃതദേഹം കണ്ടെടുക്കുമ്പോള്‍ അനുവിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്നും വ്യക്തമായതോടെയാണ് കൊലപാതകമെന്ന സംശയം ഉയർന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മുജീബ് റഹ്മാൻ പിടിയിലായത്.

മുജീബിനെതിരെ ബലാത്സംഗ കേസ് ഉള്‍പ്പെടെ 55 കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം. അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. മോഷ്ടിച്ച ബൈക്കിലാണ് മുജീബ് എത്തിയത്. വഴിയിൽ വച്ച് അനുവിന് ലിഫ്റ്റ് കൊടുത്തു. ശേഷം ആരുമില്ലാത്ത സ്ഥലം നോക്കി തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തി. കൊല നടത്തിയശേഷം അനുവിന്‍റെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചു. തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങളുമായി കൊണ്ടോട്ടിയിലെത്തി വിൽക്കാൻ അബൂബക്കറിന്‍റെ സഹായം തേടുകയായിരുന്നു. പേരാമ്പ്ര ഡി വൈ എസ് പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

mujeeb and abubakar arrested in anu perambra murder case