വിദ്യാർഥി സമരങ്ങളെ അടിച്ചമർത്താനാകില്ല, സോനത്തെ നീക്കിയതിൽ കേന്ദ്രത്തിനെതിരെ രാഹുൽ; ജന്തർ മന്തറിൽ മഷിപ്രയോഗവും ലാത്തിച്ചാർജും, പ്രതിഷേധം കത്തുന്നു

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സി ജെ പി) ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആദ്യ പ്രതികരണം നടത്തി. ജന്തർ മന്തറിൽ കഴിഞ്ഞ 28 ദിവസമായി നിരാഹാര സമരം നടത്തിവന്ന ലഡാക്ക് സമരനേതാവ് സോനം വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ നീക്കിയ കേന്ദ്ര സർക്കാർ നടപടിയെ രാഹുൽ ഗാന്ധി ശക്തമായി വിമർശിച്ചു. അസത്യവും ഹിംസയുമാണ് മോദി സർക്കാരിന്റെ പ്രധാന നയങ്ങളെന്ന് ആരോപിച്ച അദ്ദേഹം, ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥികളുടെ ആത്മഹത്യയും രാജ്യത്തിന്റെ ഭാവി നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങളാണെന്ന് എക്സിലൂടെ വ്യക്തമാക്കി.

സോനം വാങ്ചുക്കിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നതിനിടെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തോടെ ജന്തർ മന്തറിലെ പ്രതിഷേധം കൂടുതൽ ശക്തമായിരിക്കുകയാണ്. സമരക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസിന്റെ നീക്കം വലിയ സംഘർഷത്തിന് കാരണമാവുകയും പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് ഉണ്ടാകുകയും ചെയ്തു. ഇതിനിടെ സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെ ജന്തർ മന്തറിൽ പുതിയതായി നിരാഹാര സമരം ആരംഭിച്ചു. ഇതോടെ സമരവേദിയിലെ സംഘർഷാവസ്ഥ പുതിയ തലത്തിലേക്ക് നീങ്ങി.

അഭിജീത് ദിപ്കെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സമരവേദിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അജ്ഞാതയായ ഒരു സ്ത്രീ ദിപ്കെയെ കയ്യേറ്റം ചെയ്യാനും അദ്ദേഹത്തിന് നേരെ മഷിയൊഴിക്കാനും ശ്രമിച്ചു. തുടർന്ന് സി ജെ പി അണികൾ ഈ സ്ത്രീയെ തിരികെ ആക്രമിക്കാൻ മുതിർന്നുവെങ്കിലും അഭിജീത് ദിപ്കെ അവരെ തടയുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഈ സ്ത്രീ ആരാണെന്ന് വ്യക്തമായിട്ടില്ല. തനിക്കെതിരെയുണ്ടായ മഷിപ്രയോഗത്തെ ഒരു അംഗീകാരമായി കാണുന്നുവെന്നും ബിജെപി പണം നൽകി ആളുകളെ വിട്ട് സമരവേദിയിൽ മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും അഭിജീത് ദിപ്കെ ആരോപിച്ചു.

Rahul Gandhi Slams Modi Government Over Removal of Sonam Wangchuk, High Tensions At Jantar Mantar

More Stories from this section

family-dental
witywide