നെടുമ്പാശ്ശേരി അവയവക്കടത്ത്: ഒരാൾ കൂടി പിടിയിൽ; മുഖ്യപങ്കാളിയെന്ന് സംശയിക്കുന്ന മധു ഇറാനിൽ

കൊച്ചി: അവയവ വിൽപനയ്ക്കായി ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ സംഭവത്തിൽ രണ്ടാമത്തെ മലയാളിയും അറസ്റ്റിൽ. എടത്തല സ്വദേശി സജിത് ശ്യാം ആണ് അറസ്റ്റിലായത്. സാബിത്തും സജിത്തും തമ്മിൽ നിരവധി തവണ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശി മധു ഇറാനിലാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു.

സാബിത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എടത്തല സ്വദേശി സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിരവധിതവണ സാബിത്ത് നാസറുമായി പണമിടപാട് നടത്തിയതായി കണ്ടെത്തി.

സാബിത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാനിലെ മലയാളി ഡോക്ടറിലേക്ക് അന്വേഷണം നടക്കുന്നുണ്ട്. ഡോക്ടറുടെ ബന്ധുക്കൾ വഴി ഇയാളെ ചോദ്യം ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്. അതേസമയം സാബിത് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോഴും നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ ഉപയോഗിച്ചതായി സംശയിക്കുന്ന വ്യാജപാസ്പോർട്ടുകൾ കണ്ടെടുക്കാനും ശ്രമം നടത്തുന്നുണ്ട്.

അവയവ റാക്കറ്റിന്‍റെ കണ്ണികളായി പ്രവർത്തിച്ച എട്ടോളം മലയാളികൾ നിരീക്ഷണത്തിലാണ്. സാബിത്തുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരാണിവർ. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും ഇവർ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.

More Stories from this section

family-dental
witywide