
തിരുവനന്തപുരം: ഇറാനിലേക്കുള്ള അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണിയായ ആന്ധ്രാ പ്രദേശ് വിജയവാഡ സ്വദേശി ഹൈദരാബാദില്‍ പൊലീസ് പിടിയിലായി. കേരള പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ബല്ലംകോണ്ട രാം പ്രസാദ് (പ്രതാപന്‍ -41) നെയാണ് എറണാകുളം ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇയാളിലൂടെ നിരവധി പേര്‍ കിഡ്‌നി കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രതാപന്‍ കിഡ്‌നി കൊടുക്കുന്നതിനാണ് സംഘത്തെ ആദ്യം സമീപിച്ചത്. എന്നാല്‍ പല ആരോഗ്യ കാരണങ്ങള്‍ക്കൊണ്ടും കിഡ്‌നി എടുക്കുന്നതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഈ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് മുഖ്യകണ്ണിയായി മാറി. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇരകള്‍. ഇറാനില്‍ വച്ചാണ് കൈമാറ്റവും സ്വീകരണവും നടന്നിട്ടുള്ളത്.
സോഷ്യല്‍ മീഡിയാ വഴിയാണ് ഇവര്‍ കിഡ്‌നി ആവശ്യമുള്ളവരുമായി ബന്ധപ്പെടുന്നത്. പ്രതാപ് ഇവിടെ നിന്ന് ആളുകളെ കയറ്റി വിടും. സാബിത്ത് ഇറാനില്‍ കാര്യങ്ങള്‍ നിര്‍വ്വഹിച്ച ശേഷം ആളുകളെ തിരിച്ചയക്കുന്നു. ഇതായിരുന്നു ഇവരുടെ രീതി. സംഘവുമായി ബന്ധപ്പെട്ട് ഏജന്റ് സാബിത്തും , സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സജിത് ശ്യാമും പോലിസ് കസ്റ്റഡിയിലാണ്.
ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്ന സംഘത്തിന്റെ പ്രവര്‍ത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നും അവിടെയുള്ളയാളാണു പ്രധാന കണ്ണിയെന്നും കേസില്‍ നേരത്തേ അറസ്റ്റിലായ സാബിത്ത് നാസര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.













