‘എ ബിഗ് നോ ടു മോദി’; എറണാകുളം ലോ കോളജിൽ വീണ്ടും ബാനർ ഉയർത്തി കെഎസ്‌യു, 2 പേർ കസ്റ്റഡിയിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്നുപോകുന്ന എറണാകുളം ലോകോളേജ് കാമ്പസിൽ സ്ഥാപിച്ച ബോര്‍ഡ് എടുത്ത് മാറ്റി പോലീസ്. കെഎസ്‌യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡാണ് പോലീസെത്തി എടുത്തുമാറ്റിയത്. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ തമ്പടിച്ചതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ‘എ ബിഗ് നോ ടു മോദി’ എന്നെഴുതിയ ബാനറാണ് ക്യാമ്പസിനകത്ത് സ്ഥാപിച്ചത്.

വിദ്യാർഥികൾ സംഘടിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പിന്നീട് വിദ്യാർഥികളെ ക്യാംപസിൽ നിന്ന് ഒഴിപ്പിച്ച് പൊലീസ് സംഘർഷാവസ്ഥ ഒഴിവാക്കി. കോളജിനു മുന്നിൽ ആദ്യം ഉയർത്തിയ ബാനർ പൊലീസ് നിർദേശത്തെതുടർന്ന് കൊച്ചി കോർപ്പറേഷൻ ജീവനക്കാരെത്തി അഴിച്ചുമാറ്റിയിരുന്നു.

‘മോദി ഗോ ബാക്ക്’ എന്നെഴുതിയ ബോര്‍ഡാണ് ഉച്ചയോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ സ്ഥാപിച്ചത്. പോലീസ് എത്തി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ അതിന് കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് തന്നെ ആളുകളെ വരുത്തി ബോര്‍ഡ് അഴിച്ചുമാറ്റുകയായിരുന്നു.