
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാനപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് 2:30 വരെ അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണമെന്നും ശ്രീരാമക്ഷേത്രം ഭാരതത്തിന്റെ ദേശീയ അഭിമാനസ്തംഭമാണെന്നും ശ്രീരാമനാണ് ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ നമ്മുടെ നാടിന്റെ മാതൃകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതിഷ്ഠാ ദിനം കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികള്‍ കാത്തിരിക്കുന്ന മുഹൂര്‍ത്തമാണ്. രാമനും രാമായണവും മലയാളിയുടെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം മാനിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.












