ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ്: 25 ശതമാനം തീർഥാടകർ എത്തിയില്ല; അട്ടിമറിയോ തട്ടിപ്പോ നടന്നിട്ടില്ലെന്ന് വിജിലൻസ്

പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം. മണ്ഡലകാലത്തിന്റെ തുടക്കത്തിൽ സന്നിധാനത്ത് തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായതിന് പിന്നിൽ ആസൂത്രിത അട്ടിമറിയോ തട്ടിപ്പോ നടന്നിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തവരിൽ ഏകദേശം 25 ശതമാനം പേർ വിവിധ കാരണങ്ങളാൽ എത്തിയില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. ബുക്ക് ചെയ്ത എല്ലാവരും ദർശനത്തിനെത്താത്തതാണ് സന്നിധാനത്തെ തിരക്ക് കുറയാൻ പ്രധാന കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

ചില ടൂർ ഓപ്പറേറ്റർമാർ തീർഥാടകർക്കായി തുടർച്ചയായ ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ് നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മണ്ഡലകാലത്തിന്റെ ആദ്യഘട്ടത്തിൽ തീർഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് സ്വാഭാവിക പ്രതിഭാസമാണെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.

അതേസമയം, വെർച്വൽ ക്യൂ ബുക്കിങ് വെബ്സൈറ്റിലെ സാങ്കേതിക തകരാറുകളും സുരക്ഷാ വീഴ്ചകളും സംബന്ധിച്ച് പൊലീസ് സൈബർ വിഭാഗവും അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്.

വ്യാജ ബുക്കിങ്ങുകളും സ്ലോട്ടുകൾ കൂട്ടത്തോടെ തടഞ്ഞുവയ്ക്കുന്നതും തടയാൻ ദേവസ്വം ബോർഡ് പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെർച്വൽ ക്യൂ ബുക്കിങ്ങിന് ആധാർ നിർബന്ധമാക്കി. ബുക്ക് ചെയ്ത സ്ലോട്ട് റദ്ദാക്കിയാൽ എട്ട് മണിക്കൂറിന് ശേഷമേ അത് വീണ്ടും ബുക്കിങ്ങിനായി ലഭ്യമാകൂ എന്ന നിയന്ത്രണവും നടപ്പാക്കിയിട്ടുണ്ട്.

ബുക്കിങ് സംവിധാനത്തിലെ ക്രമക്കേടുകൾ ഒഴിവാക്കി യഥാർഥ തീർഥാടകർക്ക് സുഗമമായി ദർശനം ഉറപ്പാക്കുകയാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം.

More Stories from this section

family-dental
witywide