
ദുബായ്: മണ്ഡല പുനർനിർണയ ബിൽ പരിഗണിക്കുന്ന നിർണ്ണായക പാർലമെന്റ് സമ്മേളനം നാളെ നടക്കാനിരിക്കെ, കെ. സുധാകരൻ എംപിയുടെ ഡൽഹി യാത്രയിൽ ഒരു പകൽ നീണ്ട നാടകീയതക്കും അനിശ്ചിതത്വത്തിനും വിരാമം. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാൻ നവംബർ 26 ന് രാത്രി കുടുംബത്തോടൊപ്പം അബുദാബിയിലെത്തിയ സുധാകരനോട്, പ്രത്യേക സമ്മേളനം കണക്കിലെടുത്ത് അടിയന്തരമായി ഡൽഹിയിലെത്താൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇന്നലെ ദുബായിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയ അദ്ദേഹത്തെ രാത്രിയോടെ കുടുംബത്തെ അറിയിക്കാതെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതായും രാവിലെ കാണാൻ അനുവദിച്ചില്ലെന്നും മകൻ സംജോഗ് സുധാകരൻ ആരോപിച്ചു.
സുധാകരൻ മറ്റാരുടെയോ നിയന്ത്രണത്തിലാണോ എന്ന് സംശയിക്കുന്നതായി കുടുംബവും സുഹൃത്തും ദുബായിലെ ഇൻകാസ് നേതാവുമായ അഡ്വ. ഹാഷിഖ് തായ്ക്കണ്ടിയും ആശങ്ക പ്രകടിപ്പിച്ചു. ചെക്കപ്പിന് ശേഷം ഇന്ന് രാവിലെ ഡൽഹിക്ക് തിരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത നീക്കങ്ങൾ വലിയ ദുരൂഹതയ്ക്ക് വഴിവെച്ചു. സംഭവത്തിൽ കുടുംബം പരാതി ഉന്നയിച്ചതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് അടക്കമുള്ള മുതിർന്ന നേതാക്കൾ വിഷയത്തിൽ ഇടപെട്ടു. തുടർന്നാണ് സുധാകരനെ കാണാൻ മകന് ആശുപത്രി അധികൃതർ അനുമതി നൽകിയത്. അച്ഛന് ഓർമ്മക്കുറവുണ്ടെന്നും, കുടുംബത്തിന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോകാൻ ആശുപത്രി അനുമതി നൽകിയതായും സംജോഗ് സുധാകരൻ വ്യക്തമാക്കി.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ വൈകിട്ടോടെ ആശുപത്രി വിട്ട കെ. സുധാകരൻ, രാത്രി 9.30 നുള്ള എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിയിലേക്ക് തിരിക്കും. നാളെ പാർലമെന്റിൽ നടക്കുന്ന നിർണ്ണായക വോട്ടെടുപ്പിൽ ഓരോ വോട്ടും നിർണ്ണായകമായിരിക്കെ സുധാകരന്റെ മടക്കം കോൺഗ്രസിന് വലിയ ആശ്വാസമാണ്.
High Drama Over K Sudhakaran Delhi Return: Family Alleges Mysterious ICU Shift in Dubai Hospital; Discharged in Evening, to Fly to Delhi Tonight














