അടിമാലിയിൽ കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങൾ ജലാശയത്തിൽ കണ്ടെത്തി

അടിമാലി: പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കാണാതായ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ ജലാശയത്തിൽ കണ്ടെത്തി. പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോ (14), തിങ്കൾക്കാട് പാറയ്ക്കൽ ബ്രിജേഷിന്റെ മകൻ അരുൺ (14) എന്നിവരാണ് മരിച്ചത്.

സഹപാഠിയായ മരക്കാനം മണലേൽ രതീഷിന്റെ മകൻ അർജുന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനായി എട്ട് വിദ്യാർഥികളടങ്ങിയ സംഘം ഇന്നലെ രാവിലെയാണ് അർജുന്റെ വീട്ടിലെത്തിയത്. ചടങ്ങുകൾക്ക് ശേഷം ക്രിസ്റ്റോയും അരുണും ഒഴികെയുള്ള കുട്ടികൾ മടങ്ങിപ്പോയി.

വൈകിട്ടായിട്ടും ഇരുവരും വീടുകളിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ മരക്കാനം കോർട്ടിന് സമീപത്തെ ജലാശയത്തിന്റെ കരയിൽ കുട്ടികളുടെ ബാഗുകൾ കണ്ടെത്തി.

തുടർന്ന് രാജാക്കാട്ടുനിന്നുള്ള അഗ്നിരക്ഷാസേനയും വെള്ളത്തൂവൽ പൊലീസും നാട്ടുകാരും ചേർന്ന് ജലാശയത്തിൽ തിരച്ചിൽ നടത്തി. തുടർന്നാണ് രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

More Stories from this section

family-dental
witywide