അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കി സൗദി കോടതി; മാപ്പ് നൽകി കൊല്ലപ്പെട്ടയാളുടെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. കോഴിക്കോട് സ്വദേശിയായ അബ്ദുൾ റഹീമിന് മാപ്പു നൽകാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്‍റെ കുടുംബം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ്‌ ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അബ്ദുൾ റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച ട്രസ്റ്റ് വഴി 34 കോടി രൂപ സമാഹരിച്ചിരുന്നു.

കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു.  ദയാധനമായി കൊല്ലപ്പെട്ട  അനസ് അൽ ശഹ്റിയുടെ കുടുംബം ആവശ്യപ്പെട്ട തുക നേരത്തെ തന്നെ റിയാദ് ക്രിമിനിൽ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ അബ്ദുൾ റഹീം ജയിൽ മോചിതനാകും.

ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൽ റഹീം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലില്‍ കഴിയുന്നു. 2006ലാണ് അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. അന്ന് അദ്ദേഹത്തിന് പ്രായം 26 വയസ്. ഡ്രൈവര്‍ വിസയിലാണ് റഹീം ഇവിടെ എത്തിയത്. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു.

2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.