ന്യൂഡൽഹി/ധാക്ക: പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. സുരക്ഷയുടെ അടിസ്ഥാനത്തിൽ തലസ്ഥാനമായ ഹസീന ധാക്ക വിട്ടു. വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് സൈന്യം പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ടത്. 45 മിനിറ്റിനകം രാജിവെക്കണമെന്നായിരുന്നു സൈന്യം ഹസീനക്ക് നൽകിയ അന്ത്യശാസനം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഉച്ചക്ക് സൈനിക ജനറൽ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെച്ചു.
“ഷെയ്ഖ് ഹസീനയും സഹോദരിയും ഗണഭബനിൽ നിന്ന് (പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) സുരക്ഷിതമായ സ്ഥലത്തേക്ക് പോയി,” എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു “അവർക്ക് ഒരു പ്രസംഗം റെക്കോർഡ് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് ചെയ്യാൻ അവസരം ലഭിച്ചില്ല,” റിപ്പോർട്ടിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയിരിരുന്നു. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു. ഇന്ന് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും.
ഷെയ്ഖ് ഹസീന സ്വമേധയാ രാജിവയ്ക്കട്ടെ എന്ന നിലപാടിലായിരുന്നു സൈന്യവും. മാന്യമായി സ്ഥാനത്ത് നിന്നും രാജിവയ്ക്കാൻ അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം.
സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തിൽ ദിവസങ്ങൾക്കു മുന്‍പ് നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണു സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നു പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതൽ 3 ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് സൗകര്യം തടയാൻ മൊബൈൽ കമ്പനികളോടും ആവശ്യപ്പെട്ടു.