അമേരിക്കൻ എബോള ക്വാറന്റൈൻ കേന്ദ്രത്തിനെതിരായ പ്രതിഷേധം; വെടിവെപ്പിൽ കെനിയയിൽ രണ്ട് മരണം

നായ്റോബി: കെനിയയിൽ അമേരിക്കയുടെ എബോള ക്വാറന്റൈൻ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ കെനിയയിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു. മധ്യ കെനിയയിലെ നന്യൂക്കി പട്ടണത്തിലാണ് സംഭവം. സമീപത്തെ ലായ്കിപിയ എയർബേസിൽ അമേരിക്ക എബോള ചികിത്സാ കേന്ദ്രം ആരംഭിക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ടവരിൽ ഒരാൾ പ്രതിഷേധം നടന്ന പ്രദേശത്തിന് സമീപം വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരാളെ സൈനികർ ആശുപത്രിയിലെത്തിച്ചപ്പോൾ അദ്ദേഹം മരിച്ചിരുന്നു.

സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. വെടിവെപ്പിൽ മരണം സംഭവിച്ചതായി അറിവില്ലെന്ന് പോലീസ് വക്താവ് പ്രതികരിച്ചു. തിങ്കളാഴ്ച നൂറുകണക്കിന് പ്രതിഷേധക്കാരാണ് നന്യൂക്കിയിലെ തെരുവുകളിൽ പ്രതിഷേധ പ്രകടനം നടത്തിയത്. റോഡുകൾ ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്ത പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

അമേരിക്കയുടെ പദ്ധതിപ്രകാരം, 50 കിടക്കകളുള്ള എബോള ഐസൊലേഷൻ കേന്ദ്രമാണ് ലായ്കിപിയ എയർബേസിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. അമേരിക്കൻ ഡോക്ടർമാർ പ്രവർത്തിക്കുന്ന ഈ കേന്ദ്രം, നിലവിൽ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ റിപ്പോർട്ട് ചെയ്യുന്ന എബോള ബാധിതരായ അമേരിക്കൻ പൗരന്മാരെ ചികിത്സിക്കാനായിരിക്കും ഉപയോഗിക്കുക. കെനിയയിൽ ഇതുവരെ എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, ഈ കേന്ദ്രം രാജ്യത്ത് സ്ഥാപിക്കുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ശക്തമാണ്.

കഴിഞ്ഞ വെള്ളിയാഴ്ച, പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുമെന്നാരോപിച്ച് ഒരു മനുഷ്യാവകാശ സംഘടന കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈക്കോടതി പദ്ധതിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിഷയത്തിൽ ആദ്യമായി പ്രതികരിച്ച പ്രസിഡന്റ് വില്യം റൂട്ടോ, രാജ്യത്തെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി. വൈറസ് നിയന്ത്രണത്തിനായി അമേരിക്ക സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് പദ്ധതി അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലായ്കിപിയ എയർബേസിൽ ഒരു കേന്ദ്രം സ്ഥാപിക്കാൻ പിന്തുണ തേടിയപ്പോൾ ഞാൻ അനുമതി നൽകി. വർഷങ്ങളായി കെനിയയുടെ സുഹൃത്തുക്കളായ രാജ്യങ്ങളുമായുള്ള ധാരണയുടെ ഭാഗമായിരുന്നു അത്,” റൂട്ടോ പറഞ്ഞു. എബോള പോലുള്ള ഗൗരവമേറിയ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇതിനിടെ, ചൊവ്വാഴ്ച ഹൈക്കോടതി വിലക്ക് വീണ്ടും നീട്ടുകയും പദ്ധതിയുടെ മുഴുവൻ വിശദാംശങ്ങളും പുറത്തുവിടാൻ സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു.

അതേസമയം, കോടതി വിലക്ക് നിലനിൽക്കുമ്പോഴും ലായ്കിപിയ എയർബേസിലേക്ക് സൈനിക വിമാനങ്ങളുടെ ഗതാഗതം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. പദ്ധതിക്കായുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴും നടക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കെനിയ ഡോക്ടേഴ്സ് യൂണിയനും വിവിധ പൊതുനിരീക്ഷണ സംഘടനകളും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രാദേശിക ജനങ്ങളെ ആരോഗ്യഭീഷണിയിലേക്ക് നയിക്കാനിടയുള്ള നീക്കമാണിതെന്നാണ് അവരുടെ ആരോപണം.

Two people shot dead amid Kenya protests against US Ebola quarantine centre plan

More Stories from this section

family-dental
witywide