
ആലപ്പുഴ: ചാക്കോ വധക്കേസ് പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. വാടകക്കെട്ടിടത്തിൽ കഴിയുന്ന വില്ലേജ് ഓഫീസിനായി ബംഗ്ലാവ് ഏറ്റെടുത്ത് കൈമാറണം എന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്കി. 40 കൊല്ലം മുൻപ് ഈ ബംഗ്ലാവിന്റെ നിര്‍മാണത്തിന് പണം കണ്ടെത്താനായിരുന്നു ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ, കാറിലിട്ട് ചുട്ടെരിച്ച് കൊന്നത്.
ആലപ്പുഴ വണ്ടാനത്തിനു സമീപം ഒരു പടുകൂറ്റൻ വീടാണ് സുകുമാരക്കുറുപ്പ് നിർമാണം തുടങ്ങിയത്. ചാക്കോയുടെ കൊലപാതകത്തോടെ വീട് നിർമ്മാണം പാതിവഴിയിൽ അവസാനിക്കുകയായിരുന്നു. 40 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ് ഈ കെട്ടിടം.
കൊലപാതകത്തിന് ശേഷം സുകുമാരക്കുറുപ്പ് ഒളിവില്‍ പോയ അന്ന് മുതല്‍ ഈ കെട്ടിടവും അനാഥമാണ്. അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ കേസ് വിജയിച്ചില്ല. ഇതോടെയാണ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് രംഗത്തെത്തുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ വില്ലേജ് ഓഫീസിനായി സര്‍ക്കാര്‍ ഈ കെട്ടിടം ഏറ്റെടുത്ത് കൈമാറണം എന്നാണ് ആവശ്യം. ഇതിനായി നവകേരള സദസ്സില്‍ വെച്ച് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.











