
കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ (ഇൻഫന്റ് ജീസസ്) പള്ളി സെമിത്തേരിയിലെ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകൾ നീക്കാൻ കല്ലറ നാളെ തുറന്നുപരിശോധിക്കും. കല്ലറ തുറക്കുന്നതിനായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (ആർഡിഒ) അനുമതി നൽകി. നാളെ രാവിലെ തന്നെ കല്ലറ തുറക്കാനുള്ള പ്രവൃത്തികൾ ആരംഭിക്കാനാണ് പോലീസിന്റെയും റവന്യൂ അധികൃതരുടെയും തീരുമാനം. നിലവിൽ കല്ലറ സ്ഥിതി ചെയ്യുന്ന ഭാഗത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ സംസ്‌കരിച്ച ഒരു മൃതദേഹത്തിന് സമീപം പായയിൽ പൊതിഞ്ഞ നിലയിലാണ് രണ്ടാമത്തെ മൃതദേഹം കാണപ്പെട്ടത്. കടുത്ത ദുരൂഹത ഉയർന്നതിനെ തുടർന്ന് കരിക്കോട്ടക്കരി പോലീസ് സംഭവത്തിൽ കേസെടുത്തിരുന്നു. അതിനിടെ, കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം പത്ത് വർഷം മുൻപ് കോഴിക്കോട് വിലങ്ങാട് നിന്നും കാണാതായ വായാട് സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടേതാണെന്ന സംശയവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
2014-ൽ വാക്കുതർക്കത്തെ തുടർന്ന് സിജോ ഭാര്യയോടൊപ്പം വാണിയപ്പാറയിലെ ഭാര്യവീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് 2020-ൽ സിജോയെ ഭാര്യവീട്ടിൽ നിന്നും കാണാതായെന്ന വിവരം ബന്ധുക്കൾ യാദൃശ്ചികമായാണ് അറിയുന്നത്. അന്ന് കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പുതിയ സാഹചര്യത്തിൽ കല്ലറയിലുള്ള മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്തണമെന്നാണ് സിജോയുടെ കുടുംബത്തിന്റെ ആവശ്യം. ശാസ്ത്രീയ പരിശോധനകളിലൂടെ കേസിൽ വലിയ പുരോഗതിയുണ്ടാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
Vaniyappara Church Vault To Be Reopened Tomorrow with RDO Permission To Resolve Body Mystery











