വാഷിംഗ്ടണ്‍: ബ്രിട്ടനിലെ യുഎസ് അംബാസഡറായി കോടീശ്വരനായ അമേരിക്കന്‍ വ്യവസായി വാറന്‍ സ്റ്റീഫന്‍സിനെ തിരഞ്ഞെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സ്വകാര്യ നിക്ഷേപ ബാങ്കായ സ്റ്റീഫന്‍സിന്റെ ചെയര്‍മാനും പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് അദ്ദേഹം.
തെക്കന്‍ സംസ്ഥാനമായ അര്‍ക്കന്‍സാസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിക്ഷേപ ബാങ്കായ സ്റ്റീഫന്‍സ്, ട്രംപിന്റെ 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പിന്തുണച്ച ഒരു രാഷ്ട്രീയ ആക്ഷന്‍ കമ്മിറ്റിയിലേക്ക് പണം നിക്ഷേപിച്ചിരുന്നു.
‘അമേരിക്കയെ മുഴുവന്‍ സമയവും സേവിക്കാന്‍ വാറന്‍ എപ്പോഴും സ്വപ്നം കാണുന്നു. അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ടതായ സഖ്യകക്ഷികളില്‍ ഒരാളായി യു.എസ്.എയെ പ്രതിനിധീകരിക്കുന്ന ഉന്നത നയതന്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹത്തിന് ഇപ്പോള്‍ ആ അവസരം ലഭിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്,’ ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
ദീര്‍ഘകാലമായി റിപ്പബ്ലിക്കന് വേണ്ടി പണംമുടക്കുന്ന സ്റ്റീഫന്‍സ് ഒരിക്കല്‍ ട്രംപിനെ എതിര്‍ത്തിരുന്ന ആളാണ്. വൈറ്റ് ഹൗസിലെ തന്റെ ആദ്യ കാലയളവില്‍ ശതകോടീശ്വരനും പ്രചാരണ പിന്തുണക്കാരനുമായ വ്യവസായി വുഡി ജോണ്‍സണെ ബ്രിട്ടനിലെ യുഎസ് അംബാസഡറായി ട്രംപ് നിയമിച്ചിരുന്നു.