എബോള വൈറസ്; ആറ് അമേരിക്കക്കാരെങ്കിലും കോംഗോയിൽ വൈറസ് ബാധിതരെന്ന് റിപ്പോർട്ടുകൾ

കോംഗോയിൽ പടരുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുറഞ്ഞത് ആറു അമേരിക്കക്കാർ എങ്കിലും വൈറസുമായി സമ്പർക്കത്തിൽപ്പെട്ടതായി റിപ്പോർട്ട്. ഇവരിൽ മൂന്നുപേർക്ക് ഉയർന്ന അപകടസാധ്യതയുള്ള സമ്പർക്കമുണ്ടായിരുന്നുവെന്നും ഒരാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നുവെന്നും അന്താരാഷ്ട്ര സഹായ സംഘടനകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഇവർ ഇപ്പോഴും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണോ എന്ന കാര്യവും വ്യക്തമല്ല.

കോംഗോയിലും ഉഗാണ്ടയിലും എബോള വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) ഇത് “അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ”യായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ 80ഓളം സംശയാസ്പദ മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും WHO അറിയിച്ചു.

അമേരിക്കൻ രോഗനിയന്ത്രണ കേന്ദ്രമായ CDCയുടെ കണക്കുകൾ പ്രകാരം, കോംഗോയിൽ 300ലേറെ സംശയാസ്പദ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം മാത്രം എട്ട് കേസുകൾ ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. രോഗവ്യാപനവുമായി നേരിട്ട് ബന്ധപ്പെട്ട കുറച്ച് അമേരിക്കക്കാരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ വിവിധ ഏജൻസികളുമായി ചേർന്ന് ഏകോപിപ്പിക്കുകയാണെന്ന് CDC അറിയിച്ചു.

“നിലവിൽ അമേരിക്കൻ ജനങ്ങൾക്ക് ഭീഷണി കുറവാണ്. എന്നാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്,” എന്ന് CDC പ്രസ്താവനയിൽ വ്യക്തമാക്കി. കോംഗോയിലേക്കും ഉഗാണ്ടയിലേക്കും യാത്ര ചെയ്യുന്നവർക്ക് CDC ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. പനി, പേശിവേദന, ചർമ്മത്തിൽ പാടുകൾ, ഛർദ്ദി, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്ന് നിർദേശിച്ചു.

ശരീര ദ്രവങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എബോള വൈറസ് പകരുന്നത്. സാധാരണ സമ്പർക്കത്തിലൂടെയോ വായുവിലൂടെയോ രോഗം പകരില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.1976ന് ശേഷം കോംഗോയിൽ റിപ്പോർട്ട് ചെയ്യുന്ന 17-ാമത്തെ എബോള വ്യാപനമാണിത്. 2014 മുതൽ 2016 വരെ ഉണ്ടായ വലിയ വ്യാപനത്തിൽ 11,000ലേറെ പേർ മരണപ്പെട്ടിരുന്നു.

At least six Americans were exposed to Ebola virus in the Democratic Republic of Congo