ലോകകപ്പ് ടിക്കറ്റ് നിരക്കിൽ വൻ വർധന; ഫിഫക്കെതിരെ ആരാധകരുടെ പ്രതിഷേധം ശക്തം

ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ ഫുട്ബോൾ ആരാധകരിൽ കടുത്ത പ്രതിഷേധം. അമിതമായ ടിക്കറ്റ് വിലയും അധിക ഫീസുകളും ചൂണ്ടിക്കാട്ടി ലോക ഫുട്ബോൾ ഭരണസംഘടനയായ ഫിഫക്കെതിരെ ലാഭ കൊതി ആരോപിച്ച് വിമർശനങ്ങൾ ഉയരുകയാണ്.

32 ടീമുകളിൽ നിന്ന് 48 ടീമുകളാക്കി വികസിപ്പിച്ചിരിക്കുന്ന ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി 104 മത്സരങ്ങളോടെയാണ് നടക്കുന്നത്. ടൂർണമെന്റിലൂടെ 10.9 ബില്യൺ ഡോളർ വരുമാനം പ്രതീക്ഷിക്കുന്നതായി ഫിഫ വ്യക്തമാക്കുന്നു. ഫിഫയുടെ ഔദ്യോഗിക റീസെയിൽ പ്ലാറ്റ്ഫോമിൽ ടിക്കറ്റ് വിലകൾ വൻതോതിൽ ഉയർന്നിരിക്കുകയാണ്.

ഓരോ ടിക്കറ്റ് ഇടപാടിലും വിൽപ്പനക്കാരനിൽ നിന്നും വാങ്ങുന്നയാളിൽ നിന്നും 15 ശതമാനം വീതം ഫീസ് ഈടാക്കുന്നതും വിമർശനങ്ങൾക്ക് ഇടയാക്കി. ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ജൂലൈ 19ന് നടക്കുന്ന ലോകകപ്പ് ഫൈനലിന്റെ പ്രീമിയം സീറ്റുകളുടെ വില 33,970 ഡോളറായി ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ റീസെയിൽ ടിക്കറ്റുകളുടെ ശരാശരി വില 553 ഡോളറാണെന്നും ടിക്കറ്റ് ഡാറ്റാ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു.

ടിക്കറ്റ് നിരക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതികരിച്ചു. “അമേരിക്ക-പരാഗ്വേ ഉദ്ഘാടന മത്സരം കാണാൻ 1,000 ഡോളർ പോലും ഞാൻ ചെലവഴിക്കില്ല,” എന്നാണ് ട്രംപ് പറഞ്ഞത്. ടിക്കറ്റ് നിരക്കുകൾക്ക് പുറമെ യാത്രാചെലവും ആരാധകർക്ക് തിരിച്ചടിയാകുകയാണ്. ലോകകപ്പ് മത്സര ദിവസങ്ങളിൽ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്കുള്ള ട്രെയിൻ നിരക്ക് സാധാരണ 13 ഡോളറിൽ നിന്ന് 98 ഡോളറായി ഉയർത്തിയതായി ന്യൂജഴ്‌സി ട്രാൻസിറ്റ് അറിയിച്ചു.

ഉയർന്ന ചെലവുകൾ കാരണം ആരാധകർ മത്സരങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതായും സൂചനകളുണ്ട്. ന്യൂയോർക്ക് നഗരത്തിലെ നിരവധി ഹോട്ടലുകളിൽ ലോകകപ്പ് മത്സര ദിവസങ്ങളിലെ ബുക്കിംഗ് കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Exorbitant World Cup ticket prices creating sticker shock for soccer fans

More Stories from this section

family-dental
witywide