കെഎസ്‌യുവിൽ നിന്ന് തുടങ്ങിയ രാഷ്‌ട്രീയ പ്രവർത്തനം; കേരള രാഷ്ട്രീയത്തിൻ്റെ സൗമ്യമുഖം, ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല

കേരള രാഷ്‌ട്രീയത്തിൻ്റെ സൗമ്യമുഖമായ രമേശ് ചെന്നിത്തല ഇനി ആഭ്യന്തര – വിജിലൻസ് മന്ത്രി. പാര്‍ട്ടിയിലെ സീനിയോരിറ്റിയും നേതൃപാടവവും ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുമെന്ന് കരുതിയ ചെന്നിത്തലക്ക് ഗ്രൂപ്പ് പോര് തിരിച്ചടിയായെങ്കിലും മുഖ്യ വകുപ്പുകള്‍ തന്നെയാണ് ലഭിച്ചത്. കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രമേശ് ചെന്നിത്തല 1980ല്‍ കെഎസ് യു സംസ്ഥാന അധ്യക്ഷന്‍, 82ല്‍ എന്‍എസ്‌യുഐ ദേശീയ അധ്യക്ഷന്‍, ഇതേ വര്‍ഷം തന്നെ കരുണാകരന്‍ മന്ത്രിസഭയിലുമെത്തി. 28 -ാം വയസിലാണ് ആദ്യമായി മന്ത്രി സ്ഥാനത്തെത്തിയത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഓപ്പറേഷന്‍ കുബേര, ക്ലീന്‍ ക്യാമ്പസ്, സേഫ് ക്യാമ്പസ് തുടങ്ങിയ പദ്ധതികളിലൂടെ പൊലീസിന് ജനകീയ മുഖം നല്‍കി. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത 2016 മുതല്‍ 21 വരെയുള്ള കാലഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ച്ചയായി വെല്ലുവിളികള്‍ സൃഷ്ടിച്ചു. സ്പ്രീംഗ്ലര്‍ വിവാദം മുതല്‍ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍,ലൈഫ് മിഷനിലെ ക്രമക്കേടുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചെന്നിത്തല ഉയർത്തികാട്ടി.

കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലേക്ക് പോയപ്പോഴൊക്കെയും ചെന്നിത്തല രക്ഷകന്റെ റോളിലെത്തിയിട്ടുണ്ട്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് കെ കരുണാകരന്‍ പാര്‍ട്ടി വിട്ട കാലം. ചെന്നിത്തലയായിരുന്നു അന്ന് കെപിപിസിസി പ്രസിഡന്റ്. കോൺഗ്രസ് രാഷ്ട്രീയ അതികായന്റെ ഇറങ്ങിപ്പോക്കില്‍ തളരുമെന്ന് കരുതിയ കോണ്‍ഗ്രസിനെ ചെന്നിത്തല കൈപിടിച്ചുയര്‍ത്തി. കൂട്ടിന് ഉമ്മന്‍ചാണ്ടിയും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് കൂടിയായ ചെന്നിത്തല നിലവില്‍ മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന നേതാവ് കൂടിയാണ്.

Political activity started from KSU; Ramesh Chennithala, the gentle face of Kerala politics, becomes Home Minister