
വെസ്റ്റ് പാം ബീച്ച്: ജൂൺ 14ന് അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് 78 വയസ്സ് തികഞ്ഞു. ഈ വർഷം യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ട് പ്രധാന പാർട്ടി സ്ഥാനാർത്ഥികളായ ട്രംപിന്റെയും ജോ ബൈഡന്റെയും പ്രായം തുടക്കം മുതലേ പ്രചാരണത്തിലും സർവ്വേകളിലും പ്രധാന ഘടമായി തെളിഞ്ഞു നിന്നിരുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജനവിധി തേടുന്ന ഏറ്റവും പ്രായം കൂടിയ നേതാക്കൾ എന്ന പ്രത്യേകയും ഇരുവർക്കുമുണ്ട്.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപും അദ്ദേഹത്തിൻ്റെ എതിരാളി, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി പ്രസിഡൻ്റ് ജോ ബൈഡനും തമ്മിലുള്ള മത്സരത്തിൻ്റെ കേന്ദ്രബിന്ദുവാണ് പ്രായവും മാനസിക ശേഷിയും. നവംബർ 5 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പായി അമേരിക്കയിലെ നയപരമായ വിഷയങ്ങളെക്കാൾ ചർച്ചയാകുന്നത് സ്ഥാനാർത്ഥികളുടെ പ്രായമാണ്.
81 വയസ്സുള്ള ബൈഡൻ ജനവിധി തേടുമ്പോൾ പ്രായത്തിന്റെ കാര്യത്തിൽ അമേരിക്കക്കാർ കൂടുതൽ ആശങ്കാകുലരാണെന്ന് പൊതുജനാഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നു. എന്നാൽ രണ്ടാം ടേമിലേക്ക് മത്സരിക്കുന്ന 78 വയസ്സുകാരൻ ട്രംപിന്, ബൈഡനെക്കാൾ മൂന്നര വയസ്സ് മാത്രമേ കുറവുള്ളൂ.
ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ ക്ലബ്ബ് 47 യുഎസ്എ എന്ന പേരിൽ ഒരു കൂട്ടം അണികൾ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തിൽ ട്രംപ് പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.
പ്രചാരണ വേളയിൽ, ബൈഡനെതിരെ കടുത്ത ആക്രമണങ്ങൾ അഴിച്ചുവിടുന്ന ട്രംപ്, ഒരിക്കൽ പോലും ബൈഡന്റെ പ്രായത്തെ കുറിച്ച് യാതൊരുവിധ പരാമർശങ്ങളും ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ ബൈഡന്റെ ആരോഗ്യനില, മന്ദഗതിയിലുള്ള നടത്തം എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യനല്ലെന്ന് ട്രംപ് വിമർശിച്ചിട്ടുണ്ട്.















