വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തുന്ന ഇസ്രയേലി കുടിയേറ്റക്കാർക്കെതിരെ ഉപരോധവുമായി അമേരിക്ക

വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ ആക്രമണം നടത്തിയ നാല് ഇസ്രയേലി കുടിയേറ്റക്കാർക്കുമേൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. നിലവിലെ ഉത്തരവുപ്രകാരം, ഡേവിഡ് ചായ്, യിനോൻ ലെവി, ഐനാൻ തഞ്ചിൽ, ഷാലോം സിചെർമാൻ എന്നിങ്ങനെ നാല് ഇസ്രയേലി കുടിയേറ്റക്കാർക്കെതിരെയാണ് ഉപരോധം.

വെസ്റ്റ് ബാങ്കിലെ ആക്രമണങ്ങൾ അസഹനീയമായ തലത്തിലേക്കെത്തിയെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിൽ ഒപ്പുവച്ചത്. വെസ്റ്റ് ബാങ്കിൽ സിവിലിയൻമാർക്കെതിരായ അക്രമപ്രവർത്തനങ്ങളോ ഭീഷണികളോ ഉൾപ്പടെയുള്ളവയ്ക്ക് നേതൃത്വം നൽകുന്നവർക്കെതിരെയോ പങ്കെടുക്കുന്നവർക്കെതിരെയോ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയെ അനുവദിക്കുന്നതാണ് ഉത്തരവ്.

ഒക്ടോബർ ഏഴിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ വലിയ തോതിലുള്ള ആക്രമണങ്ങളായിരുന്നു ഇസ്രയേലി കുടിയേറ്റക്കാർ നടത്തികൊണ്ടിരുന്നത്. ഇതിനെതിരെ അമേരിക്ക പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഒരു നടപടിയിലേക്ക് പോകുന്നത് ആദ്യമായാണ്.

അമേരിക്കൻ പ്രസിഡന്റിന്റെ ഇസ്രയേലി പിന്തുണയെ നിശിതമായി വിമർശിക്കുന്ന അറബ്- അമേരിക്കൻ ജനത താമസിക്കുന്ന മിഷിഗണിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി കൂടിയാണ് ബൈഡന്റെ തീരുമാനം. അറബ്- അമേരിക്കൻ ജനതയ്ക്കിടയിൽ ഡെമോക്രാറ്റുകൾക്ക് മുൻപുണ്ടായിരുന്ന പിന്തുണ, ഇസ്രയേൽ- ഹമാസ് സംഘർഷങ്ങൾക്ക് ശേഷം വളരെയധികം കുറഞ്ഞിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

യുഎൻ കണക്കുകൾ പ്രകാരം 370 പലസ്തീനികളാണ് വെസ്റ്റ് ബാങ്കിൽ ഒക്ടോബർ ഏഴിന് പിന്നാലെ കൊല്ലപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും ഇസ്രയേൽ സേനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെങ്കിലും എട്ടോളം പേരെ വധിച്ചത് കുടിയേറ്റക്കാരനാണെന്നാണ് റിപ്പോർട്ട്. കൂടാതെ വെസ്റ്റ് ബാങ്കിന്റെ നിരവധി മേഖലകളിൽനിന്ന് വലിയ തോതിലുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഏകദേശം 7,00,000 ഇസ്രയേലി കുടിയേറ്റക്കാരാണ് വെസ്റ്റ് ബാങ്കിൽ അനധികൃതമായി താമസിക്കുന്നത്.

US sanctions against 4 Israel settlers in WestBank

More Stories from this section

family-dental
witywide