വത്തിക്കാൻ സിറ്റി: നാടിനെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനവും പ്രാർഥനകളുമായി ഫ്രാൻസിസ് മാർപ്പാപ്പ. ഞായറാഴ്ച വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ. ഉരുൾപൊട്ടലിൽ നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു.
ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി രാജാവ്, കിരീടാവകാശി എന്നിവരടക്കം ലോക നേതാക്കൾ വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
വെനസ്വേല, മിഡിൽ ഈസ്റ്റ്, മ്യാൻമർ എന്നിവിടങ്ങളിലെ മാനുഷിക പ്രതിസന്ധികളെ ഉയർത്തിക്കാട്ടി, രാഷ്ട്രീയ സംഘർഷം, അക്രമം, പ്രകൃതി ദുരന്തങ്ങൾ എന്നിവ കാരണം കഷ്ടപ്പെടുന്നവർക്കായി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു.
ജൂലൈ 28 ന് നടന്ന രാജ്യത്തെ വിവാദമായ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് വെനസ്വേലയിലുടനീളമുള്ള നഗരങ്ങളിൽ പ്രതിഷേധങ്ങളും അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളുടെ ശ്രദ്ധയിൽപ്പെടുത്തി.