കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് കളക്ടറുടെ റിപ്പോർട്ട്, ‘സുരക്ഷ ശക്തമാക്കി’

കോഴിക്കോട് ജെഡിടി ഇസ്ലാം സ്കൂളിലെ മെറ്റീരിയൽ റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (CEO) റിപ്പോർട്ട് നൽകി. മെറ്റീരിയൽ റൂം തുറക്കുന്ന കാര്യം പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ചിരുന്നെങ്കിലും എല്ലാ സ്ഥാനാർത്ഥികളെയും അറിയിക്കാതിരുന്നത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ട്രോങ്ങ് റൂമിന് സമീപം തന്നെ മെറ്റീരിയൽ റൂം സജ്ജീകരിച്ചതും മുറിക്ക് പുറത്ത് സ്ട്രോങ്ങ് റൂം എന്ന് ബോർഡ് വെച്ചതുമാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമായതെന്ന് കളക്ടർ വിശദീകരിച്ചു.

കൊയിലാണ്ടി വരണാധികാരി സ്ട്രോങ്ങ് റൂമിന് സമീപം പോയ സംഭവത്തിൽ വിശദീകരണം ചോദിക്കുമെന്നും കളക്ടർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സ്ട്രോങ്ങ് റൂമിന്റെ ഇന്നർ പെരിമീറ്ററിനുള്ളിൽ ആരും പ്രവേശിക്കാൻ പാടില്ല. ഈ നിയമം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. വരണാധികാരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ട്രോങ്ങ് റൂമിന് അരികിലേക്ക് പോയത് ചട്ടലംഘനമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ട്രോങ്ങ് റൂം പരിസരത്ത് സുരക്ഷ ശക്തമാക്കി. സ്ഥാനാർത്ഥികളോ ഉദ്യോഗസ്ഥരോ ഉൾപ്പെടെ ആരെയും സ്ട്രോങ്ങ് റൂം പരിസരത്തേക്ക് കടത്തിവിടരുതെന്ന് കേന്ദ്ര സേനയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യത ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർക്ക് തുടർന്നും നിരീക്ഷണം നടത്താമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Kozhikode strong room controversy: District Collector submits report to CEO; admits procedural lapses

More Stories from this section

family-dental
witywide