തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. പരിക്കേറ്റ 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 13 പേർ ചികിത്സയിൽ തുടരുകയാണ്. അഞ്ച് പേരുടെ നില ഗുരുതരമാണെന്നും ഇതിൽ ഒരാൾ വെന്റിലേറ്ററിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അഞ്ച് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന എട്ട് വെടിപുരകളിൽ അഞ്ചെണ്ണം പൂർണ്ണമായും കത്തിനശിച്ചു.
അപകടസ്ഥലത്ത് തീ ഇനിയും പൂർണ്ണമായും അണയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ എറണാകുളത്ത് നിന്ന് റോബോട്ടിക് അഗ്നിശമന സംവിധാനം എത്തിക്കാൻ തീരുമാനിച്ചു. രക്ഷാപ്രവർത്തകർക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്തവിധം തീയും പുകയും ഉയർന്നതിനാലാണ് റോബോട്ടിനെ ഉപയോഗിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങൾ അപകടസ്ഥലത്തേക്ക് വരരുതെന്ന് മന്ത്രി കെ. രാജൻ നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി സർക്കാർ അടിയന്തരമായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
സംഭവത്തിൽ മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. തൃശൂർ ആർഡിഒയ്ക്കാണ് അന്വേഷണ ചുമതല. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള പുരകളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ തീവ്രതയിൽ പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Thrissur fireworks accident death toll rises to 12; Robots to be used for rescue operations










