വനിതാ ടി 20 ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം ; ഷാര്‍ജയും, ദുബായ്‌യും വേദികള്‍, ഇന്ത്യ – പാക് പോരാട്ടം ഞായറാഴ്ച

ന്യൂഡല്‍ഹി: ആവേശം വാനോളമുയര്‍ത്തി വനിതാ ടി 20 ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഷാര്‍ജയിലും, ദുബായിലുമായാണ് മല്‍സരങ്ങള്‍ നടക്കുക. യു എ ഇ സമയം ഉച്ചക്ക് രണ്ടിന് ഷാര്‍ജയില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ബംഗ്ലാദേശ് അയര്‍ലന്‍ഡിനെ നേരിടും. വൈകുന്നേരം ആറിന് ദുബായില്‍ പാകിസ്ഥാന്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടും.

അതേസമയം, ഇതുവരേ കിരീടം സ്വന്തമാക്കാത്ത ഇന്ത്യയ്ക്ക് ഇത്തവണ ഏതുവിധേനയും കപ്പ് നേടണമെന്ന ലക്ഷ്യമാണുള്ളത്. ഇന്ത്യയുടെ ആദ്യ മത്സരം വെള്ളിയാഴ്ച വൈകീട്ട് ദുബായില്‍ നടക്കും. ന്യൂസിലന്‍ഡാണ് എതിരാളികള്‍. ഈ മാസം ആറിന് ഉച്ചയ്ക്ക് രണ്ടിനായിരിക്കും ഇന്ത്യ – പാക് പോരാട്ടം. 2020ല്‍ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയോട് തോറ്റു.

ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളിക്കരുത്തുമുണ്ട് ഇക്കുറി. വയനാട് മാനന്തവാടി സ്വദേശി സജ്ന സജീവന്‍, തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആശാ ശോഭന എന്നിവരാണ് ടീമിലുള്ളത്.

ബംഗ്ലാദേശായിരുന്നു ഇക്കുറി ടി20 ക്ക് വേദിയാകേണ്ടിയിരുന്നത്. എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതോടെയാണ് യു എ ഇയിലേക്ക് മത്സരങ്ങല്‍ മാറ്റിയത്. പുരുഷ-വനിതാ മല്‍സരങ്ങളുടെ സമ്മാനതുക ഏകീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യ ലോകകപ്പാണിത്.