വാഷിംഗ്ടൺ: ജോർജിയയിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ നടന്ന റെയ്ഡിൽ 475 തൊഴിലാളികളെ തടവിലാക്കി. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസിന്റെ നേതൃത്വത്തിലായിരുന്നു ‘ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ’ എന്ന് വിശേഷിപ്പിച്ച റെയിഡ് നടന്നത്. തടവിലാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ദക്ഷിണ കൊറിയൻ പൗരന്മാരാണ്, ചിലർ വിസ കാലാവധി കഴിഞ്ഞതിനാലോ അല്ലെങ്കിൽ തൊഴിൽ ചെയ്യരുതെന്ന് വ്യവസ്ഥയുള്ള വീസയിൽ ജോലി ചെയ്‌തതിനാലോ നിയമം ലംഘിച്ചവരാണ്.
അറസ്റ്റിലായ ആരും ഹ്യുണ്ടേയിയുടെ നേരിട്ടുള്ള ജീവനക്കാരല്ലെന്നും, പകരം സബ്കോൺട്രാക്ടർമാർക്ക് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നതെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. തങ്ങൾ എല്ലാ നിയമങ്ങളും പാലിക്കാൻ പ്രതിജ്‌ഞാബദ്ധരാണെന്നും ഹ്യുണ്ടേയ് വ്യക്തമാക്കി. സംയുക്‌ത സംരംഭപങ്കാളിയായ എൽജി എനർജി സൊല്യൂഷനും അധികാരികളുമായി പൂർണ്ണമായി സഹകരിക്കുമെന്ന് അറിയിച്ചു. അന്വേഷണം സുഗമമാക്കുന്നതിനായി ബാറ്ററി പ്ലാന്റിന്റെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
സംഭവത്തിൽ ദക്ഷിണ കൊറിയൻ സർക്കാർ ആശങ്കയും ഖേദവും രേഖപ്പെടുത്തി. തങ്ങളുടെ നിക്ഷേപകരുടെയും പൗരന്മാരുടെയും അവകാശങ്ങൾ അന്യായമായി ലംഘിക്കപ്പെടരുതെന്നും അവർ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ രണ്ടാം ഭരണകാലത്തെ ഏറ്റവും വലിയ തൊഴിലിട റെയ്നുകളിലൊന്നാണിത്. കുടിയേറ്റ നിയമലംഘനങ്ങൾ മാത്രമല്ല, ‘അനധികൃത തൊഴിൽ സമ്പ്രദായങ്ങളെക്കുറിച്ചുള്ള’ മാസങ്ങൾ നീണ്ട അന്വേഷണത്തിന്റെ ഭാഗമാണ് ഈ റെയിഡ് എന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് വ്യക്‌തമാക്കി.














