
ബമാകോ: പടിഞ്ഞാറന്‍ മാലിയില്‍ ശനിയാഴ്ച അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സ്വര്‍ണ്ണ ഖനി തകര്‍ന്ന് കുറഞ്ഞത് 48 പേര്‍ മരിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 15 നായിരുന്നു അപകടം. മരിച്ചവരില്‍ അധികവും സ്ത്രീകളാണ്. ഇവരില്‍ ഒരു സ്ത്രീയോടൊപ്പം കൈക്കുഞ്ഞും ഉണ്ടായിരുന്നതായാണ് വിവരം. കെനീബ ജില്ലയിലെ ഡാബിയ കമ്മ്യൂണിലെ ബിലാല്‍കോട്ടോ ഗ്രാമത്തിലാണ് ദുരന്തം ഉണ്ടായത്.
ആഫ്രിക്കയിലെ മുന്‍നിര സ്വര്‍ണ്ണ ഉല്‍പാദകരില്‍ ഒന്നാണ് മാലി. ഇവിടുത്തെ ഖനന കേന്ദ്രങ്ങളില്‍ പതിവായി മാരകമായ മണ്ണിടിച്ചിലുകളും അപകടങ്ങളും ഉണ്ടാകുന്ന സ്ഥിതിയാണ്. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ മാലിയില്‍ വന്‍ സ്വര്‍ണ നിക്ഷേപമുണ്ട്.
ജനുവരിയില്‍, തെക്കന്‍ മാലിയിലെ ഒരു സ്വര്‍ണ്ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ കുറഞ്ഞത് 10 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.














