
ന്യൂയോർക്ക്: ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്നും ആപ്പിൾ കമ്പനി പിന്നോട്ടില്ലെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരസ്യ വിമർശനം കമ്പനി മുഖവിലക്കെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ആപ്പിൾ ഇന്ത്യൻ സർക്കാരിന് ഉറപ്പ് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ആപ്പിളിന്റെ നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവുമില്ല. ഇന്ത്യയെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത കമ്പനി ഇന്ത്യൻ സർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി സിഎൻബിസി-ടിവി 18 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഖത്തറിലെ ദോഹയിൽ നടന്ന ബിസിനസ് പരിപാടിക്കിടെ ആയിരുന്നു ട്രംപ്, ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിൾ കമ്പനി തീരുമാനത്തെ പരസ്യമായി വിമർശിച്ചത്. ആപ്പിൾ സിഇഒ ടിം കുക്കിനോട് ഇന്ത്യയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളുമെന്ന മുന്നറിയിപ്പും ആപ്പിൾ കമ്പനി നിക്ഷേപം നടത്തുന്നതിനെതിരെ ട്രംപ് നൽകി. ആപ്പിളിന്റെ അമേരിക്കയിലെ അവരുടെ ഉത്പാദനം വർദ്ധിപ്പിക്കണമെന്നും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.