ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് റസൂൽ പൂക്കുട്ടി; ജഗദീഷും സലിം കുമാറും പരിഗണനയിൽ ?

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി രാജിവെച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് പിന്നാലെ പുതിയ യുഡിഎഫ് സർക്കാർ പദവിയിൽ തുടരാൻ ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു മുൻ ഇടതുപക്ഷ സർക്കാർ പ്രേംകുമാറിനെ മാറ്റി റസൂൽ പൂക്കുട്ടിയെ അക്കാദമി ചെയർമാനായി നിയമിച്ചത്. ഈ നിയമനം അന്ന് വലിയ ചർച്ചകൾക്കും സിനിമാ മേഖലയ്ക്കുള്ളിൽ തന്നെ വലിയ രീതിയിലുള്ള അതൃപ്തികൾക്കും വഴിവെച്ചിരുന്നു.

റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ പുതിയ ചെയർമാനെ കണ്ടെത്താനുള്ള നീക്കങ്ങൾ സാംസ്കാരിക വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കോൺഗ്രസ് അനുഭാവികളായ പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ പേരുകളാണ് നിലവിൽ സജീവ പരിഗണനയിലുള്ളത്. നടൻമാരായ ജഗദീഷ്, സലിം കുമാർ, സംവിധായകനും നിർമാതാവുമായ ദീപു കരുണാകരൻ എന്നിവരിൽ ഒരാൾക്ക് നറുക്കുവീഴാനാണ് സാധ്യതയെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

എന്നാൽ, സിനിമകളിൽ അഭിനയ തിരക്കുള്ളതിനാൽ നിലവിൽ പദവികൾ ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന നിലപാടിലാണ് നടൻ ജഗദീഷ്. ഇക്കാര്യം അദ്ദേഹം സാംസ്കാരിക വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് കൂടിയായ സംവിധായകൻ ദീപു കരുണാകരൻ, നടൻ സലിം കുമാർ എന്നിവരിലേക്ക് ചർച്ചകൾ ചുരുങ്ങാനാണ് സാധ്യത. വരും ദിവസങ്ങളിൽ തന്നെ പുതിയ ചെയർമാൻ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സാംസ്കാരിക വകുപ്പിൻ്റെ ഭാഗത്തുനിന്നും ഉണ്ടായേക്കും.

Resul Pookutty resigns as chairman of the Chalachitra Academy; Jagadish and Salim Kumar under consideration?

More Stories from this section

family-dental
witywide