
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ലക്ഷ്യമിട്ടുള്ള ഇറാൻ ബന്ധമുള്ള ഭീകരൻ്റെ ഗൂഢാലോചന അമേരിക്കൻ സുരക്ഷാ ഏജൻസികൾ തകർത്തു. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പരിശീലനം നൽകിയ മുഹമ്മദ് ബഖർ സാദ് ദാവൂദ് അൽ-സാദി എന്ന മുപ്പത്തിരണ്ടുകാരനായ ഇറാഖി പൗരനാണ് ഈ വധശ്രമത്തിന് പിന്നിലെന്ന് പ്രമുഖ മാധ്യമമായ ‘ദി ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ കഴിഞ്ഞ മെയ് 15-ന് തുർക്കിയിൽ വെച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് യുഎസിന് കൈമാറുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
2020-ൽ ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് ഇറാഖിലെ ബാഗ്ദാദിൽ വെച്ച് യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാൻ്റെ സൈനിക മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. തൻ്റെ ഗുരുവും വഴികാട്ടിയുമായിരുന്ന സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ഇയാൾ ഇവാങ്കയെ ലക്ഷ്യമിട്ടത്. “ട്രംപ് ഞങ്ങളുടെ വീട് തകർത്തതുപോലെ, ട്രംപിൻ്റെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാൻ നമ്മൾ ഇവാങ്കയെ കൊല്ലണം” എന്ന് അൽ-സാദി തൻ്റെ അനുയായികളോട് പറഞ്ഞിരുന്നതായി ഇറാഖി എംബസിയിലെ മുൻ സൈനിക ഉദ്യോഗസ്ഥനായ ഇന്തിഫാദ് ഖൻബർ വെളിപ്പെടുത്തി.
അൽ-സാദിയെ അറസ്റ്റ് ചെയ്യുമ്പോൾ ഇവാങ്കയുടെ ഫ്ലോറിഡയിലുള്ള ആഡംബര വസതിയുടെ വിശദമായ ബ്ലൂപ്രിൻ്റ് ഇയാളുടെ പക്കൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. 2021-ൽ ഇയാൾ ഇവാങ്കയും ഭർത്താവ് ജാരെഡ് കുഷ്നറും താമസിക്കുന്ന ഫ്ലോറിഡയിലെ പ്രദേശത്തിൻ്റെ ഭൂപടം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിരുന്നു. “പ്രതികാരം എന്നത് സമയത്തിൻ്റെ മാത്രം പ്രശ്നമാണ്. അമേരിക്കക്കാരോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ കൊട്ടാരങ്ങൾക്കോ രഹസ്യാന്വേഷണ ഏജൻസികൾക്കോ നിങ്ങളെ സംരക്ഷിക്കാൻ കഴിയില്ല. ഞങ്ങൾ ഇപ്പോൾ നിരീക്ഷണത്തിൻ്റെയും വിശകലനത്തിൻ്റെയും ഘട്ടത്തിലാണ്,” എന്ന ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഇതിനൊപ്പം ഉണ്ടായിരുന്നു.
ഇവാങ്ക ട്രംപിനെ തന്നെ എന്തുകൊണ്ട് ലക്ഷ്യമിട്ടു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് ഇവാങ്ക അദ്ദേഹത്തിൻ്റെ ഉപദേശകയായിരുന്നു. നിലവിൽ ഡോണൾഡ് ട്രംപിൻ്റെ പുതിയ ഭരണകൂടത്തിൽ ഇവാങ്കയുടെ ഭർത്താവ് ജാരെഡ് കുഷ്നർ ഇറാനുമായുള്ള സമാധാന ചർച്ചകളിൽ പ്രത്യേക ദൂതനായി പ്രവർത്തിച്ചു വരികയാണ്.
അമേരിക്കയുടെ പ്രധാന നിരീക്ഷണ പട്ടികയിലുള്ള കുറ്റവാളിയാണ് അൽ-സാദി. ഈ വർഷം മാർച്ചിൽ ആംസ്റ്റർഡാമിലെ ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലൻ ബോംബാക്രമണം ഉൾപ്പെടെ, അമേരിക്കൻ-ജൂത ലക്ഷ്യങ്ങൾക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരൻ ഇയാളാണെന്ന് സുരക്ഷാ ഏജൻസികൾ വിശ്വസിക്കുന്നു. പ്രതിയെ നിലവിൽ യുഎസിൽ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Iranian terrorist plot to assassinate Ivanka Trump; Suspect arrested in Turkey with blueprints of residence in US custody











