ജോലി നഷ്ടപ്പെടുന്ന ഇന്ത്യൻ ടെക് പ്രൊഫഷണലുകൾക്ക് യുഎസിൽ കടുത്ത അനിശ്ചിതത്വം; എച്ച്-1ബി വീസക്കാരുടെ ‘കൗണ്ട്ഡൗൺ’ തുടങ്ങിയോ?

വാഷിംഗ്ടൺ: അമേരിക്കൻ ഐടി മേഖലയിൽ പടരുന്ന കൂട്ടപ്പിരിച്ചുവിടലുകൾ യുഎസിലെ ഇന്ത്യൻ ടെക് പ്രൊഫഷണലുകളുടെ ജീവിതം കടുത്ത അനിശ്ചിതത്വത്തിലാക്കുന്നു. കമ്പനികളിൽ നിന്ന് പുറത്താക്കപ്പെടുന്ന ഭൂരിഭാഗം ഇന്ത്യൻ ജീവനക്കാരും എച്ച്-1ബി വീസയിലാണ് അവിടെ കഴിയുന്നത്. യുഎസ് ഇമിഗ്രേഷൻ നിയമപ്രകാരം ജോലി നഷ്ടപ്പെടുന്ന എച്ച്-1ബി വീസക്കാരന് പുതിയൊരു ജോലി കണ്ടെത്താനോ വീസ സ്പോൺസർ ചെയ്യാൻ തയാറുള്ള മറ്റൊരു തൊഴിലുടമയെ കണ്ടെത്താനോ വെറും 60 ദിവസം (ഗ്രേസ് പിരീഡ്) മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ പുതിയ സ്പോൺസറെ കണ്ടെത്താനായില്ലെങ്കിൽ ഇന്ത്യൻ ജീവനക്കാർക്ക് കുടുംബസമേതം അമേരിക്ക വിടേണ്ടി വരും. വൻകിട കമ്പനികൾ ഒരേസമയം ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കുന്നതിനാൽ കടുത്ത മത്സരമാണ് പുതിയ തൊഴിൽ വിപണിയിലുള്ളത്. പുതിയൊരു കമ്പനി കണ്ടെത്തിയാൽ പോലും അവരുടെ എച്ച്-1ബി ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാൻ ആഴ്ചകളോളം സമയമെടുക്കുമെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

തൊഴിൽ വിപണിയിലെ വിവരങ്ങൾ ശേഖരിക്കുന്ന ‘Layoffs.fyi’ യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം മാത്രം 144 ടെക് കമ്പനികളിലായി 1.1 ലക്ഷത്തിലധികം (114,210) ജീവനക്കാർക്കാണ് ഇതിനകം ജോലി നഷ്ടപ്പെട്ടത്. മുൻവർഷമായ 2025ൽ 124,000 ത്തിലധികം (124,636) ജീവനക്കാരെയും കമ്പനികൾ പിരിച്ചുവിട്ടിരുന്നു. ഇങ്ങനെ ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണ്, പ്രത്യേകിച്ച് ഇന്ത്യക്കാർ. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (USCIS) കണക്കുകൾ പ്രകാരം പ്രതിവർഷം അനുവദിക്കുന്ന എച്ച്-1ബി വീസകളിൽ ഭൂരിഭാഗവും സ്വന്തമാക്കുന്നത് ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ ഈ പിരിച്ചുവിടൽ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകളും അവർ തന്നെയാണ്.

ഇന്ത്യക്കാർക്ക് യുഎസ് ഗ്രീൻ കാർഡ് (സ്ഥിരതാമസം) ലഭിക്കാനുള്ള കാത്തിരിപ്പ് കാലാവധി പതിറ്റാണ്ടുകൾ നീളുന്നതാണ് നിലവിലെ പ്രധാന തിരിച്ചടി. എച്ച്-1ബി വീസക്കാരുടെ പങ്കാളികൾ എച്ച്-4 (H-4) ആശ്രിത വീസയിലാണ് കഴിയുന്നത്. അതിനാൽ പ്രധാന വീസക്കാരന് ജോലി നഷ്ടമായാൽ പങ്കാളിയുടെ ജോലിയും കുട്ടികളുടെ വിദ്യാഭ്യാസവും ഒരുപോലെ പ്രതിസന്ധിയിലാകും.

60 ദിവസത്തെ സമയപരിധി കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത പലരും രാജ്യം വിടാതിരിക്കാൻ താൽക്കാലികമായി ടൂറിസ്റ്റ് വീസയിലേക്കോ (B-1/B-2) സ്റ്റുഡന്റ് വീസയിലേക്കോ (F-1) മാറാൻ അപേക്ഷകൾ സമർപ്പിക്കുന്നുണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിലായ ജീവനക്കാർക്കായി ഈ 60 ദിവസത്തെ ഗ്രേസ് പിരീഡ് കുറഞ്ഞത് 180 ദിവസമായെങ്കിലും നീട്ടണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകൾ യുഎസ് ഭരണകൂടത്തെ സമീപിച്ചിട്ടുണ്ടെങ്കിലും നിയമങ്ങളിൽ ഇതുവരെ അനുകൂലമായ മാറ്റങ്ങൾ വന്നിട്ടില്ല.

യുഎസിലെ പ്രാദേശിക വിപണിയിൽ കമ്പ്യൂട്ടർ സയൻസ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് മേഖലകളിൽ ആവശ്യത്തിന് വിദഗ്ധരായ തൊഴിലാളികൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് എച്ച്-1ബി വീസയിലൂടെ ഇന്ത്യൻ പ്രതിഭകൾ ആ കുറവ് നികത്തിയത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ആമസോൺ തുടങ്ങിയ പ്രമുഖ യുഎസ് കമ്പനികളുടെ വിജയത്തിന് പിന്നിൽ എച്ച്-1ബി വീസയിലെത്തിയ ലക്ഷക്കണക്കിന് ഇന്ത്യൻ എഞ്ചിനീയർമാരുടെ കഠിനാധ്വാനമുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളുടെ വികസനത്തിൽ ഈ വിദേശ ജീവനക്കാരാണ് നിർണായക പങ്കുവഹിക്കുന്നത്. യുഎസിൽ ഫയൽ ചെയ്യപ്പെടുന്ന വലിയൊരു ശതമാനം സാങ്കേതിക പേറ്റന്റുകളും ഇവരുടെ പേരിലുള്ളതാണ്. എച്ച്-1ബി വീസയിലൂടെ കരിയർ ആരംഭിച്ച് പിന്നീട് വൻകിട യുഎസ് കമ്പനികളുടെ തലപ്പത്തേക്ക് ഉയർന്നുവന്ന നിരവധി ഇന്ത്യൻ പ്രൊഫഷണലുകളുണ്ട്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തുടങ്ങിയവർ ഇതിന് ഉദാഹരണമാണ്.

ഉയർന്ന വരുമാനമുള്ള എച്ച് 1 ബി പ്രൊഫഷണലുകൾ യുഎസിൽ വലിയ തുക നികുതിയായി ഒടുക്കുന്നതിനൊപ്പം പ്രാദേശിക വിപണിയിലെ ഉപഭോഗം വർദ്ധിപ്പിക്കുകയും യുഎസ് സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച ഇന്ത്യൻ പ്രതിഭകളാണ് ഇപ്പോൾ സ്വന്തം ഭാവി ഓർത്ത് ആശങ്കയിലായിരിക്കുന്നത്.

Mass layoffs in the American IT sector are making the lives of Indian tech professionals in the US extremely uncertain.

More Stories from this section

family-dental
witywide