ട്രംപിനോട്‌ കടുപ്പിച്ച് പരമോന്നത നേതാവ്, യുറേനിയം ശേഖരം ഇറാനിൽ നിന്ന് പുറത്തേക്ക് അയയ്ക്കില്ലെന്ന് മുജ്തബ ഖമനേയി; യുഎസ് ആവശ്യം തള്ളി

രാജ്യത്തിന്റെ ആയുധ നിലവാരത്തിനടുത്തുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാനിൽനിന്ന് പുറത്തേക്ക് അയയ്ക്കില്ലെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനേയി വ്യക്തമാക്കിയതോടെ മധ്യപൂർവേഷ്യൻ സമാധാന ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായി. മേഖലയിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർണ്ണായക പ്രസ്താവനയുമായി ഇറാൻ രംഗത്തെത്തിയത്. സമാധാന ഉടമ്പടിയുടെ ഭാഗമായി യുഎസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് യുറേനിയം കൈമാറ്റമായിരുന്നു. എന്നാൽ പരമോന്നത നേതാവിന്റെ നിർദ്ദേശപ്രകാരം ഈ ആവശ്യം പൂർണ്ണമായും തള്ളുകയാണെന്ന് ഇറാനിയൻ വൃത്തങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു.

ഇറാൻ തങ്ങളുടെ പക്കലുള്ള 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യാന്തര സമൂഹത്തിന് കൈമാറണമെന്നും ആണവ പ്രവർത്തനങ്ങൾ ഒരൊറ്റ നിലയത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നുമാണ് യുഎസ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് യുഎസ് നഷ്ടപരിഹാരം നൽകില്ലെന്ന നിബന്ധനയും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ആണവായുധ നിർമ്മാണത്തിന് തൊട്ടടുത്തെത്തിയ യുറേനിയം ശേഖരം കൈമാറാൻ ഇറാൻ സമ്മതിച്ചെന്നും സമാധാന ഉടമ്പടി ഉടൻ ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ഏപ്രിലിൽ അവകാശപ്പെട്ടിരുന്നു.

ഏതൊരു സമാധാന കരാറിലും യുറേനിയം കൈമാറ്റം ഉൾപ്പെടുത്തുമെന്ന് ട്രംപ് തങ്ങൾക്ക് ഉറപ്പുനൽകിയതായി ഇസ്രയേൽ വ്യക്തമാക്കുന്നുണ്ട്. സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽനിന്ന് പൂർണ്ണമായി നീക്കം ചെയ്യുന്നതുവരെ യുദ്ധം അവസാനിച്ചതായി കണക്കാക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിച്ചിരുന്നു. എന്നാൽ ഇസ്രയേലിന്റെയും യുഎസിന്റെയും കടുത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന ഇറാൻ പരമോന്നത നേതാവിന്റെ പ്രഖ്യാപനം നിലവിലെ നാടകീയമായ വെടിനിർത്തൽ കരാറിന്റെ ഭാവിക്ക് കടുത്ത ഭീഷണിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Muztaba Khamenei Refuses to Export Enriched Uranium Rejecting US Peace Terms

More Stories from this section

family-dental
witywide