ഉപ്പുമാവല്ല ബിരിയാണിയും പൊരിച്ച കോഴിയും തരണമെന്ന് കുഞ്ഞ് ശങ്കു, അംഗനവാടി മെനു പരിഷ്‌ക്കരിക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : അംഗനവാടിയിലെ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് പറയുന്ന കുഞ്ഞിന്റെ വീഡിയോ വൈറലായതോടെ അംഗനവാടി മെനുവില്‍ പരിഷ്‌ക്കാരം വരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്.

ശങ്കു എന്ന കുട്ടിയാണ് നിഷ്‌കളങ്കമായി തന്റെ ആവശ്യം അമ്മയോട് പറഞ്ഞത്. അമ്മ ഭക്ഷണം വാരിക്കൊടുക്കുന്നതിനിടെ തനിക്ക് ഉപ്പുമാവ് വേണ്ടെന്നും അംഗനവാടിയില്‍ ബിരിയാണിയും പൊരിച്ച കോഴിയും തരണമെന്നുമായിരുന്നു കുട്ടി പറഞ്ഞത്. കുരുന്നിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ആരോഗ്യ, വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ശങ്കുവിന്റെ രസകരമായ വീഡിയോയ്ക്ക് പ്രതികരണമായി അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചത്.

‘ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണ്. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്കുന്നുണ്ട്. ഈ സരര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്.’ ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശങ്കുവിനും അമ്മയ്ക്കും അംഗനവാടി ജീവനക്കാര്‍ക്കും ഊഷ്മളമായ ആശംസകള്‍ നേരുകയും ചെയ്തു മന്ത്രി. കുട്ടിയുടെ വീഡിയോ തിങ്കളാഴ്ച മന്ത്രി വീണ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു.

വീട്ടില്‍ ബിരിയാണി കഴിക്കുമ്പോഴായിരുന്നു കുട്ടി അംഗനവാടിയിലും ഇതേ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടത്. താന്‍ വീഡിയോ ചിത്രീകരിച്ചുവെന്നും പിന്നീട് അത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അത് വൈറലായെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. നെറ്റിസണ്‍മാരും കുട്ടിയുടെ അഭ്യര്‍ത്ഥനയെ പിന്തുണച്ചു. ചിലര്‍ ജയിലുകളിലെ കുറ്റവാളികള്‍ക്ക് നല്‍കുന്ന ഭക്ഷണം കുറയ്ക്കണമെന്നും അംഗനവാടികള്‍ വഴി കുട്ടികള്‍ക്ക് മികച്ച ഭക്ഷണം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. എന്തായാലും ശങ്കു തുടങ്ങിവെച്ച ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.

More Stories from this section

family-dental
witywide