അത്രമേൽ ആത്മവിശ്വാസം! പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഉറപ്പിച്ചുതന്നെ, കാനഡയിൽ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, എപ്രിൽ 28 ന് വോട്ടെടുപ്പ്

ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ മാര്‍ക്ക് കാര്‍ണി, രാജ്യത്ത് ഇടക്കാല പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അമേരിക്കയോടും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോടും എതിരിടുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് കാർണി, അതിവേഗം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കാനഡ പാർലമെന്റ് പിരിച്ചുവിടുകയും ഏപ്രിൽ 28 ന് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണിനെ സന്ദര്‍ശിച്ചാണ് കാര്‍ണി, പാർലമെന്‍റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടത്.

അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായ സമയത്ത് ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി കാർണി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്. 2015 മുതൽ കാനഡയിൽ അധികാരത്തിലുള്ള പാർട്ടി ട്രംപിനോട് ഏറ്റുമുട്ടുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ്. ജനുവരിയിൽ ട്രൂഡോ രാജി പ്രഖ്യാപിച്ചതിന് ശേഷവും ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾക്കിടയിലും പാർട്ടിയുടെ പിന്തുണയിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ഇന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് വ്യക്തമാകുന്നത്. ഹൗസ് ഓഫ് കോമണ്‍സിലെ 343 സീറ്റുകളിലേക്കും ജില്ലകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണം 37 ദിവസം നീണ്ടുനില്‍ക്കും. നിരവധി പാര്‍ട്ടികള്‍ മത്സരിക്കുമെങ്കുലം ലിബറലുകള്‍ക്കും കണ്‍സര്‍വേറ്റീവുകള്‍ക്കും മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുള്ളതെന്നാണ് വിലയിരുത്തലുകൾ.

ജനുവരിയില്‍ ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാര്‍ച്ച് ഒമ്പതിന് മാര്‍ക് കാര്‍ണി പ്രധാനമന്ത്രിയായി അധികാരത്തിലേറിയത്. മാര്‍ച്ച് 14ാണ് കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തത്. ശേഷം ട്രംപിനും അമേരിക്കക്കുമെതിരെ ഉറച്ച നിലപാടുകൾ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കടുത്ത ട്രംപ് വിരുദ്ധനായി അറിയപ്പെടുന്ന കാർണിക്ക് ഇപ്പോൾ ജനപിന്തുണ കൂടുതലാണെന്നാണ് സർവെകൾ പറയുന്നത്.