
വാഷിംഗ്ടണ്‍: സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ഡയറക്ടറായി ആഴ്ചകള്‍ക്കുമുമ്പ് അധികാരമേറ്റ സൂസന്‍ മൊണാറെസിനെ പുറത്താക്കി. ആരോഗ്യ, മനുഷ്യ സേവന വകുപ്പ് ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇവര്‍ മുമ്പ് സിഡിസി പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ഡയറക്ടറും ആക്ടിംഗ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിരുന്നു. അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി ഫോര്‍ ഹെല്‍ത്തിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു സൂസന്‍.
സൂസന്‍ പടിയിറങ്ങിയതോടെ സിഡിസിയിലെ മറ്റ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരും ബുധനാഴ്ച വൈകുന്നേരം രാജിവച്ചതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിഡിസിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറും പ്രോഗ്രാം ആന്‍ഡ് സയന്‍സ് ഡെപ്യൂട്ടി ഡയറക്ടറുമായ ഡെബ് ഹൗറി, നാഷണല്‍ സെന്റര്‍ ഫോര്‍ എമര്‍ജിംഗ് ആന്‍ഡ് സൂനോട്ടിക് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടര്‍ ഡാന്‍ ജെര്‍ണിഗന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഇമ്മ്യൂണൈസേഷന്‍ ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസിന്റെ ഡയറക്ടര്‍ ഡെമെട്രെ ദസ്‌കലാക്കിസ് എന്നിവര്‍ ബുധനാഴ്ച രാത്രി സഹപ്രവര്‍ത്തകര്‍ക്ക് ഇമെയിലുകള്‍ അയച്ചു, അവര്‍ രാജി സമര്‍പ്പിച്ചതായി അറിയിച്ചു.
സിഡിസിയിലെ മാറിക്കൊണ്ടിരിക്കുന്ന നയങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ഇവര്‍ പടിയിറങ്ങുന്നത്. ‘പൊതുജനാരോഗ്യത്തെ ആയുധമാക്കുന്നത് തുടരുന്നതിനാല്‍ എനിക്ക് ഇനി ഈ റോളില്‍ സേവനമനുഷ്ഠിക്കാന്‍ കഴിയില്ല,’ എന്ന് ദസ്‌കലാക്കിസ് സഹപ്രവര്‍ത്തകര്‍ക്ക് എഴുതിയ ഇ മെയിലില്‍ വ്യക്തമാക്കിയിരുന്നു. ‘പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്, പക്ഷേ തുടര്‍ച്ചയായ മാറ്റങ്ങള്‍ ഏജന്‍സിയുടെ നേതാവെന്ന നിലയില്‍ എന്റെ ജോലിയില്‍ തുടരുന്നതില്‍ നിന്ന് എന്നെ തടയുന്നു. ഇത് ഞാന്‍ ഹൃദയഭാരത്തോടെ എടുക്കുന്ന ഹൃദയഭേദകമായ തീരുമാനമാണ്,’ ചീഫ് മെഡിക്കല്‍ ഓഫീസറും പ്രോഗ്രാം ആന്‍ഡ് സയന്‍സ് ഡെപ്യൂട്ടി ഡയറക്ടറുമായ ഹൗറി എഴുതി.
വാക്‌സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു സൂസന്റേത്. ഓട്ടിസം രോഗനിര്‍ണയ നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിന് വാക്‌സിനുകള്‍ ഒരു കാരണമായി താന്‍ കാണുന്നില്ലെന്ന് സൂസന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഇപ്പോഴും എതിരഭിപ്രായം ഉയരുന്നുണ്ട്. എന്നാല്‍, യുഎസ് ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി, വാക്‌സിന്‍ നയത്തില്‍ വ്യത്യസ്ത അഭിപ്രായമുള്ള വ്യക്തിയാണ്.















