വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ, തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. കോർപ്പറേഷൻ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മേയർ വി.വി. രാജേഷ് കൗൺസിലർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി മേയർ ആശാ നാഥ്, ചെമ്പഴന്തി ഉദയൻ, ഗോപകുമാർ തുടങ്ങിയ പ്രമുഖ ബിജെപി അംഗങ്ങളാണ് ചട്ടപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഇപ്പോഴത്തെ ചടങ്ങും നടന്നതെന്ന് ആരോപിച്ച് എൽഡിഎഫ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകുകയും ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.
പത്മനാഭസ്വാമി, ആറ്റുകാലമ്മ, പരശുരാമൻ, ശ്രീനാരായണഗുരു തുടങ്ങിയ വിവിധ നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപിയുടെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അസാധുവാക്കിയത്. നാല് ആഴ്ചയ്ക്കകം ചട്ടപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനോ അധികാരം വിനിയോഗിക്കാനോ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് കാട്ടി സിപിഎം കൗൺസിലർ എസ്.പി. ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി. ഇതേ ഉത്തരവിലൂടെ ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരിയിലെ കോൺഗ്രസ് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും കോടതി അസാധുവാക്കിയിരുന്നു.
കേരള പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി ആക്ടുകൾ പ്രകാരം അംഗങ്ങൾ ‘ദൈവനാമത്തിലോ’ അല്ലെങ്കിൽ ‘ദൃഢപ്രതിജ്ഞയോ’ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് കോടതി ഓർമ്മിപ്പിച്ചു. നിയമത്തിൽ പറയുന്ന ദൈവമെന്ന പദത്തിന് രാഷ്ട്രീയ നേതാക്കളുടെയോ നിർദ്ദിഷ്ട ദൈവങ്ങളുടെയോ വിപുലീകരണമില്ല. സിനിമയിലെ പ്രശസ്തമായ ഭക്തിഗാന വരികൾ ഉദ്ധരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി അസാധുവാക്കിയ 20 ബിജെപി അംഗങ്ങളിൽ കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന സുഗതൻ ഒഴികെയുള്ള 19 പേരാണ് നിലവിൽ പുനഃസത്യപ്രതിജ്ഞ ചെയ്ത് അധികാരം നഷ്ടമാകുന്ന അവസ്ഥ ഒഴിവാക്കിയത്.
19 BJP Councillors Re-Sworn in at Thiruvananthapuram Corporation Following High Court Order









