അപ്രതീക്ഷിത വാശിയുമായി ട്രംപ്, ചരിത്രപരമായ ഭവന നിർമ്മാണ ബില്ലിൽ ഒപ്പിടില്ലെന്ന് പ്രസിഡന്റ്; സേവ് അമേരിക്ക ആക്ടിനായി കടുംപിടുത്തം

വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിൽ ഇരുപാർട്ടികളുടെയും (ഡെമോക്രാറ്റിക് – റിപ്പബ്ലിക്കൻ) വൻ പിന്തുണയോടെ പാസാക്കിയ ചരിത്രപരമായ ഭവന നിർമ്മാണ ബില്ലിൽ താൻ ഒപ്പിടില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ മുന്നോട്ടുവെച്ച വോട്ടിംഗ് പരിഷ്‌കരണ നിയമമായ ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച ഒപ്പിടേണ്ടിയിരുന്ന ബില്ലിൽ നിന്ന് ട്രംപ് അപ്രതീക്ഷിതമായി പിന്മാറിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. “രാജ്യത്ത് അടിയന്തിരമായി നടപ്പിലാക്കേണ്ട ‘സേവ് അമേരിക്ക ആക്ട്’ പാസാക്കുന്നത് വരെ ഇന്ന് നടക്കേണ്ടിയിരുന്ന ഭവന ബില്ലിന്റെ വാർത്താസമ്മേളനവും ഒപ്പുവെക്കൽ ചടങ്ങും റദ്ദാക്കിയിരിക്കുന്നു. വോട്ടിംഗ് നിയമം പാസാക്കുന്നത് ഒരു ദേശീയ അടിയന്തരാവസ്ഥയായി ഞാൻ കണക്കാക്കുന്നു,” ട്രംപ് കുറിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് കാപ്പിറ്റോൾ ഹില്ലിൽ വെച്ച് വൻ ജനപ്രീതിയുള്ള ഈ ഭവന ബില്ലിൽ ട്രംപ് ഒപ്പിടേണ്ടതായിരുന്നു. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും സാധാരണക്കാർക്ക് ഭവന ലഭ്യത എളുപ്പമാക്കുന്നതുമായ നിയമനിർമ്മാണമാണിതെന്ന് ട്രംപിന്റെ പ്രസ് സെക്രട്ടറി നേരത്തെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ, തന്റെ വിവാദപരമായ തെരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമവുമായി താരതമ്യം ചെയ്യുമ്പോൾ ഭവന ബില്ലിന് യാതൊരു പ്രാധാന്യവുമില്ലെന്നാണ് ട്രംപ് ഇപ്പോൾ വാദിക്കുന്നത്.

റിപ്പബ്ലിക്കൻ സെനറ്റർമാർ സഭയിലെ ‘ഫിലിബസ്റ്റർ’ എടുത്തുമാറ്റി ‘സേവ് അമേരിക്ക ആക്ട്’ പാസാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ സഭയിൽ ഇതിനാവശ്യമായ ഭൂരിപക്ഷമില്ലെന്ന് ഭൂരിപക്ഷ നേതാവ് ജോൺ ഥൂൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ട്രംപ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഡെമോക്രാറ്റുകൾ അധികാരത്തിൽ വന്നാൽ ആദ്യ മണിക്കൂറിൽ തന്നെ അവർ ഫിലിബസ്റ്റർ നിർത്തലാക്കുമെന്നും, അതിന് മുൻപ് റിപ്പബ്ലിക്കൻമാർ അത് ചെയ്തില്ലെങ്കിൽ പിന്നീട് അവർക്ക് ഖേദിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഭവന ബില്ലിൽ ഒപ്പിടില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും, റിപ്പബ്ലിക്കൻ സെനറ്റർമാരുമായി മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയ്ക്കായി പ്രസിഡന്റ് ബുധനാഴ്ച കാപ്പിറ്റോൾ ഹിൽ സന്ദർശിക്കും.

More Stories from this section

family-dental
witywide