ഒന്നും അവസാനിച്ചിട്ടില്ലെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ച് പിണറായി വിജയൻ, പുതിയ സർക്കാരിന്‍റെ നയങ്ങൾ നിരീക്ഷിക്കേണ്ട സമയം; കണ്ണൂരിൽ പ്രതിപക്ഷനേതാവിന് സ്വീകരണം

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷനേതാവ് പിണറായി വിജയന് ജന്മനാടായ കണ്ണൂരിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനത്തിൽ സംസാരിക്കവെ തിരഞ്ഞെടുപ്പ് പരാജയം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അവസാനമല്ലെന്നും കഴിഞ്ഞ പത്ത് വർഷക്കാലം സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രവർത്തിച്ചുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഭരണകാലത്ത് സംസ്ഥാനത്തിന് ഗുണകരമായ നിരവധി ഫലങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നും അതിന്റെ അനുഭവസാക്ഷ്യം ജനങ്ങൾക്കുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

പുതിയ സർക്കാരിന്റെ സമീപനവും നയങ്ങളും സംസ്ഥാനമൊട്ടാകെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നിലപാടുകളോ നടപടികളോ ഉണ്ടായാൽ ശക്തമായ പ്രതിപക്ഷ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് ചില പ്രത്യേക പ്രചാരണങ്ങൾ നടന്നതായി പരാമർശിച്ച പിണറായി വിജയൻ, ജനാധിപത്യത്തിന്റെ സൗന്ദര്യം അനുഭവിക്കാൻ ഭരണമാറ്റം അനിവാര്യമാണെന്ന വാദം ചിലർ ഉയർത്തിയിരുന്നുവെന്നും പറഞ്ഞു.

ഇടതുമുന്നണി തിരിച്ചുവരുമെന്നും തങ്ങൾ ജനങ്ങൾക്കിടയിൽ സജീവമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിനെ രാഷ്ട്രീയമായി എതിർക്കുന്നതിന്റെ ഭാഗമായി പാർട്ടിയുടെ പ്രതീകങ്ങളായി കാണപ്പെടുന്ന നേതാക്കളെ ലക്ഷ്യമിട്ട് ആക്രമിക്കുന്നത് പതിവാണെന്നും, എന്നാൽ അത്തരം സാഹചര്യങ്ങളിലൊന്നിലും പാർട്ടി പിന്നോട്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കളങ്കരഹിതമായ നേതൃത്വമാണ് സിപിഎമ്മിന്റെ ശക്തിയെന്നും ആ നിലപാട് തുടർന്നും ഉയർത്തിപ്പിടിക്കുമെന്നും സ്വീകരണ സമ്മേളനത്തിൽ പിണറായി വിജയൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide