
തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുമെന്ന സൂചനകൾ ശക്തമാകുന്നു. ഡൽഹിക്ക് തിരിച്ച അദ്ദേഹം നാളെ പാർട്ടി ദേശീയ നേതൃത്വവുമായി നിർണായക ചർച്ച നടത്തും. പാർട്ടി വിടുന്നതുമായി ബന്ധപ്പെട്ട വാർത്തകളോട് രണ്ട് ദിവസത്തിനുള്ളിൽ പ്രതികരിക്കാമെന്നാണ് അണ്ണാമലൈ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അതേസമയം, കേന്ദ്രമന്ത്രിസഭയിലും ബിജെപി ദേശീയ നേതൃത്വത്തിലും പുനസംഘടന അടുത്തിരിക്കെ അണ്ണാമലൈ നടത്തുന്ന പുതിയ സമ്മർദ്ദ നാടകമാണിതെന്ന വാദവും പാർട്ടിക്കുള്ളിൽ ഒരുകൂട്ടർ ഉർത്തുന്നുണ്ട്.
അണ്ണാഡിഎംകെയുമായുള്ള സഖ്യസാധ്യതകൾക്കായി തന്നെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയത് മുതൽ അണ്ണാമലൈ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. പാർട്ടിയിൽ തനിക്കെതിരെയുണ്ടായ പടയൊരുക്കവും തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് വിജയ്‌യുടെ ശക്തമായ വരവും സംസ്ഥാനത്ത് ബിജെപി നേരിട്ട കനത്ത പരാജയവുമാണ് സ്വന്തം വഴി തിരഞ്ഞെടുക്കാൻ അണ്ണാമലൈയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിജയ്‌യുടെ ടിവികെ ചരിത്ര മുന്നേറ്റം നടത്തുമെന്ന് വോട്ടെണ്ണലിന് മുൻപേ പ്രവചിച്ചിരുന്ന അണ്ണാമലൈ, മൂന്ന് മാസത്തിനുള്ളിൽ ഒരു സർപ്രൈസ് നൽകുമെന്ന് തന്റെ അടുത്ത അനുയായികളോട് പങ്കുവെച്ചിരുന്നു. നാളെ ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷനുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ പാർട്ടി വിടാനുള്ള തീരുമാനം അദ്ദേഹം ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന.
ബിജെപി വിട്ടതിന് ശേഷം ‘മക്കൾ ശക്തി’ എന്ന പേരിൽ പുതിയ പാർട്ടിയോ അല്ലെങ്കിൽ വോളന്റീയർമാരുടെ ഒരു കൂട്ടായ്മയോ രൂപീകരിച്ച് മുന്നോട്ട് പോകാനാണ് അണ്ണാമലൈ പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന പ്രചാരണങ്ങൾ. എന്നാൽ, തമിഴ്‌നാട് ബിജെപിയിലെ അവസാന വാക്കായി ഡൽഹിയിൽ നിന്ന് ശക്തമായി തിരിച്ചുവരാൻ അണ്ണാമലൈ നടത്തുന്ന രാഷ്ട്രീയ നീക്കമാണിതെന്ന് സംശയിക്കുന്ന പ്രബലപക്ഷവും പാർട്ടിയിലുണ്ട്. ഈ സസ്പെൻസിനൊടുവിൽ എന്തുതന്നെ സംഭവിച്ചാലും, വരാനിരിക്കുന്ന നീക്കങ്ങൾ തമിഴ്‌നാട് പിടിക്കാനുള്ള ബിജെപിയുടെ ദീർഘകാല പദ്ധതികളുടെ ഭാഗമാണെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരും കുറവല്ല.
Speculations Rife Over K Annamalai Quitting BJP; To Meet National Leadership in Delhi Tomorrow













