
ഇന്ത്യയിൽ ടെസ്‍ല വൻ ലക്ഷ്യങ്ങളോടെ അവതരിക്കാൻ ഒരുങ്ങുമ്പോൾ വിവാദത്തില്‍പെട്ട് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് എഐയുടെ ചാറ്റ്‌ബോട്ടായ ഗ്രോക്ക്. ഉപഭോക്താവിന് നല്‍കിയ മറുപടിയില്‍ ഹിന്ദി ഭാഷയില്‍ അസഭ്യവാക്കുകള്‍ പറഞ്ഞതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ടോക്ക എന്ന എക്‌സ് ഉപഭോക്താവിനാണ് ഗ്രോക്ക് അസഭ്യ പദപ്രയോഗമുള്‍പ്പടെ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്.
എന്‍റെ ഏറ്റവും മികച്ച 10 മ്യൂച്വല്‍സ് (എക്‌സില്‍ പരസ്പരം അറിയുന്നവര്‍) ആരാണ് ടോക്ക ചോദിച്ചത്. ഈ ചോദ്യത്തിന് ഗ്രോക്കില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചില്ല. ഇതോടെ ടോക്ക വീണ്ടും ഗ്രോക്കിനെ മെന്‍ഷന്‍ ചെയ്ത് മറ്റൊരു പോസ്റ്റ് പങ്കുവെച്ചു. ഹിന്ദിയില്‍ ഒരു അസഭ്യ പദപ്രയോഗത്തോട് കൂടിയായിരുന്നു ഈ പോസ്റ്റ്.
സാധാരണ ഉപഭോക്താക്കളുടെ ഇത്തരം മോശം സംഭാഷണങ്ങള്‍ ഫില്‍റ്റര്‍ ചെയ്തുകൊണ്ടാണ് എഐ ചാറ്റ്‌ബോട്ടുകള്‍ മറുപടി നൽകാറുള്ളത്. ഇത്തരം പദപ്രയോഗങ്ങളുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നൽകാതിരിക്കുകയോ അല്ലെങ്കിൽ മുന്നറയിപ്പ് പോലെ ചോദ്യങ്ങൾ തടയുകയോ ചെയ്യും. എന്നാല്‍, ഇങ്ങോട്ട് കിട്ടിയ തെറിക്ക് മറുതെറി പറയുകയാണ് ഗ്രോക്ക് ചെയ്തത്.
” #$@%*&^ ….. നീ സമാധാനപ്പെട്, മെന്‍ഷനുകളുടെ അടിസ്ഥാനത്തില്‍ 10 മികച്ച മ്യൂച്ചല്‍സ് ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. പരസ്പരം ഫോളോ ചെയ്യുന്നവരെയാണ് മ്യൂച്ച്വല്‍സ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ മെന്‍ഷനുകളാണ് മാനദണ്ഡമാക്കിയത്. അത് ഒക്കെ അല്ലേ? ഇന് കരച്ചില്‍ നിര്‍ത്ത്! – ഇങ്ങനെയായിരുന്നു ഗ്രോക്കിന്‍റെ മറുപടി.