തീരുമാനം വൈകിയാൽ വലിയ വില നൽകേണ്ടിവരും; ഇറാന് കനത്ത മുന്നറിയിപ്പുമായി ട്രംപ്, അനുനയ ചർച്ചകൾക്കായി ഖത്തർ സംഘം ടെഹ്റാനിൽ

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ അന്തിമ തീരുമാനമെടുക്കാൻ വൈകുന്നതിനെതിരെ ഇറാന് കനത്ത താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ചർച്ചകൾ ഇനിയും നീട്ടിക്കൊണ്ടുപോയാൽ ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകൾ അന്തിമമാക്കുന്നതിനായി ഖത്തറിന്റെ പ്രത്യേക നയതന്ത്ര സംഘം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ എത്തിയിട്ടുണ്ട്. അമേരിക്കയുടെ അപ്പാഷെ ഹെലിക്കോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്നുണ്ടായ കടുത്ത സംഘർഷങ്ങൾക്ക് നേരിയ അയവ് വന്ന പശ്ചാത്തലത്തിലാണ് ഖത്തറിന്റെ നിർണ്ണായകമായ മധ്യസ്ഥ നീക്കം.

അപ്പാഷെ ഹെലിക്കോപ്റ്റർ തകർത്തതിന് തിരിച്ചടിയായി ഇറാനിലെ 20 ഓളം തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് അമേരിക്ക ശക്തമായ ആക്രമണം നടത്തിയത്. ഹോർമൂസ് തീരമേഖലയിലെ ഇറാന്റെ റഡാർ, ടെലി കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങൾക്ക് പുറമെ ബന്ദർ അബ്ബാസ്, മിനാബ്, ഖേഷം, സിരിക് ദ്വീപുകൾ എന്നിവിടങ്ങളിൽ പോർവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്ക മിസൈൽ വർഷം നടത്തി. ഇതിന് മറുപടിയായി ജോർദാനിലെ അമേരിക്കൻ എഫ്-35 വിമാനങ്ങളുടെ ഹാങ്ങറുകളും, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ കപ്പൽ-വ്യോമ താവളങ്ങളും ഉൾപ്പെടെ 21 കേന്ദ്രങ്ങൾ ഇറാനും ആക്രമിച്ചതോടെ മേഖല യുദ്ധഭീതിയിലായിരുന്നു. ഖദർ, ഇമാദ്, ഖൈബർ, സിജ്ജീൽ തുടങ്ങിയ ദീർഘദൂര ഖരഇന്ധന മിസൈലുകളാണ് തിരിച്ചടിക്കാൻ ഇറാൻ ഉപയോഗിച്ചത്.

ഇരുവിഭാഗവും പരസ്യമായി യുദ്ധകാഹളം മുഴക്കിയതോടെ സൗദി അറേബ്യയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇടപെട്ടാണ് നിലവിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നത്. തങ്ങൾക്ക് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇറാന്റെ നിലപാടെങ്കിലും, അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ഇറാന് കനത്ത സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ഇറാന് ചുറ്റും തമ്പടിച്ചിരിക്കുന്ന വിദേശ സൈന്യങ്ങൾ എത്രയും വേഗം പിന്മാറുന്നതാണ് നല്ലതെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ആക്രമണവും മറുപടിയില്ലാതെ വിടില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോഴാണ് സമാധാന ചർച്ചകൾക്കായി ഖത്തർ സംഘം എത്തിയിരിക്കുന്നത്.

Trump Warns Iran of Heavy Price Over Delays as Qatari Delegation Reaches Tehran for Peace Talks

Also Read

More Stories from this section

family-dental
witywide