മമത ബാനർജിക്ക് കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെന്ന വാർത്തകൾ തള്ളി വേണുഗോപാൽ; തൃണമൂലുമായി നിലവിൽ ലയന ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് എഐസിസി

ദില്ലി: തൃണമൂൽ കോൺഗ്രസുമായി (ടി.എം.സി.) കോൺഗ്രസ് ലയന ചർച്ചകൾ നടത്തുന്നതായുള്ള വാർത്തകൾ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിഷേധിച്ചു. ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ മമത ബാനർജി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, മമതയ്ക്ക് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തെന്ന രീതിയിൽ ചില ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ അദ്ദേഹം പൂർണ്ണമായി തള്ളി. അത്തരം ചർച്ചകളൊന്നും പാർട്ടിക്കുള്ളിൽ നടന്നിട്ടില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇരു പാർട്ടികളും ഒന്നിച്ച് മുന്നോട്ട് പോകാനാണ് ധാരണയായിട്ടുള്ളതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

ബംഗാളിൽ നേരിട്ട തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ബി.ജെ.പി.യുടെ കരുനീക്കങ്ങളെ പ്രതിരോധിക്കാൻ തൃണമൂൽ കോൺഗ്രസ് കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അടക്കമുള്ളവർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് 2021-ന് ശേഷം ആദ്യമായി മമത ബാനർജി സോണിയ ഗാന്ധിയെ നേരിൽ കണ്ടത്. ലയന നിർദ്ദേശങ്ങൾക്കിടയിലുള്ള മമതയുടെ സന്ദർശനം വലിയ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നിരുന്നെങ്കിലും, കോൺഗ്രസ് നേതൃത്വം ഇത് നിഷേധിച്ചതോടെ ലയന സാധ്യതകൾക്ക് താല്ക്കാലിക വിരാമമായിരിക്കുകയാണ്. മമതയോ തൃണമൂൽ കോൺഗ്രസോ ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനുള്ള മമത ബാനർജിയുടെ ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടില്ല. പാർട്ടിയിലെ കൂടുതൽ എം.പിമാർ വിമത പക്ഷത്തേക്ക് നീങ്ങുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മമത വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ ഉൾപ്പെടെയുള്ളവർ ഡൽഹിയിലെത്തി വിമതർക്കൊപ്പം ചേർന്നു. എന്നാൽ അയോഗ്യത മറികടക്കാൻ ആവശ്യമായ 20 എം.പിമാർ വിമത പക്ഷത്തുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സ്പീക്കറെ നേരിട്ട് കണ്ട് കത്ത് നൽകാനുള്ള നീക്കങ്ങളും വൈകുകയാണ്. എന്നാൽ ബി.ജെ.പി.യുടെ ‘ഓപ്പറേഷൻ താമര’ പരാജയപ്പെട്ടെന്നാണ് മമത പക്ഷത്തെ നേതാവായ കീർത്തി ആസാദ് അവകാശപ്പെടുന്നത്.

Congress Denies Rumours of Offering Vice President Post to Mamata Banerjee; Clarifies No Merger Talks with TMC

More Stories from this section

family-dental
witywide