
ന്യൂഡല്‍ഹി : ഗാസ സമാധാന പദ്ധതിയില്‍ വിഷയത്തില്‍ ഈജിപ്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളുടെ ഒന്നാം ഘട്ടം അവസാനിച്ചു. നല്ല അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ അവസാനിച്ചതെന്ന് ഈജിപ്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടില്‍ നടന്ന ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടുനിന്നിരുന്നു. ബന്ദികളുടെ മോചനവും പലസ്തീന്‍ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ചയായതെന്നാണ് സൂചന.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയില്‍ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. ഇസ്രയേല്‍ പ്രതിനിധിസംഘത്തില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിര്‍ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാല്‍ ഹിര്‍ഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചാരസംഘടനയായ മൊസാദിന്റെ പ്രതിനിധികളും ഈജിപ്തിലെത്തിയിരുന്നു.












