സ്വര്‍ണ കിരീടങ്ങള്‍, സ്വര്‍ണ അരപ്പട്ട, പതിനായിരത്തിലധികം സാരി, 750 ജോടി ചെരിപ്പ്; ജയലളിതയുടെ സ്വത്തുക്കള്‍ തമിഴ്‌നാടിന് കൈമാറി

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ പിടിച്ചെടുത്ത സ്വത്ത് വകകളാണ് കൈമാറിയത്. 27.568 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുവകകളാണ് തമിഴ്‌നാട് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. ബംഗളുരുവിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവിന് പിന്നാലെയാണിത്.

രണ്ട് സ്വര്‍ണ കിരീടങ്ങളും സ്വര്‍ണ വാള്‍, സ്വര്‍ണ അരപ്പട്ട 1136 കിലോ ഗ്രാം വെള്ളി, 1526 ഏക്കര്‍ ഭൂമിയുടെ രേഖകള്‍, വജ്രങ്ങള്‍, 11,344 സാരി, 250 ഷാള്‍, 750 ജോടി ചെരിപ്പ് എന്നിവയും ഇതില്‍പ്പെടും. ജനുവരി 29 ന്, ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കളും തമിഴ്‌നാട് സര്‍ക്കാരിന് കൈമാറാന്‍ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു.

ജയലളിതയും തോഴി വി.കെ. ശശികല, ശശികലയുടെ ബന്ധുക്കളായ വി.എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവരുള്‍പ്പെടെ മറ്റ് മൂന്ന് പ്രതികളെയും 2014 ല്‍ ബെംഗളൂരുവിലെ ഒരു പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ജയലളിതയ്ക്കെതിരായ 18 വര്‍ഷത്തോളം നീണ്ടുനിന്ന അനധികൃത സ്വത്ത് സമ്പാദന കേസ് ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.

2015 ല്‍ കര്‍ണാടക ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കിയെങ്കിലും 2017 ല്‍ സുപ്രീം കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. സ്വത്തില്‍ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ. ദീപയും ജെ. ദീപക്കും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു.

More Stories from this section

family-dental
witywide