
വിദ്യാർഥികൾക്കെതിരായ കേസ് നടപടികൾ അവസാനിപ്പിക്കാമെന്ന സർക്കാർ ഉറപ്പിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, ശക്തമായ പ്രതിഷേധങ്ങളുമായി വീണ്ടും രംഗത്തിറങ്ങുമെന്ന് സിജെപി നേതാവ് അഭിജിത് ദിപ്കെ. വിദ്യാർഥികൾക്ക് നേരെ പോലീസ് അതിക്രമം തുടരുകയാണെങ്കിൽ സമരം പുനരാരംഭിക്കും. നിലവിൽ കേസുകളിലും എഫ്ഐആറുകളിലും അന്വേഷണം തുടരാമെന്ന സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് സിജെപി വ്യക്തമാക്കി. വിദ്യാർഥികൾക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിക്കാമെന്ന് നൽകിയ വാഗ്ദാനം സർക്കാർ പാലിക്കണമെന്നും കോടതിയെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പ്രകടനങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ വ്യാപകമായി കേസെടുക്കുന്നതിൽ കടുത്ത അതൃപ്തിയിലാണ് സിജെപി. പ്രത്യേകിച്ച് അസം, ബംഗാൾ, ബീഹാർ എന്നിവിടങ്ങളിലാണ് പോലീസ് നടപടി ശക്തമായി തുടരുന്നത്. ബീഹാറിൽ തേജ് പ്രതാപ് യാദവ് അടക്കമുള്ള നേതാക്കൾ നിലവിൽ ജയിലിലാണ്. സമരക്കാർക്കെതിരെ ഡൽഹിയിലോ പുറത്തോ കേസെടുക്കില്ലെന്ന സർക്കാരിന്റെ ഉറപ്പാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
സമരക്കാരായ യുവാക്കളോട് സർക്കാർ കാണിക്കുന്നത് വിശ്വാസവഞ്ചനയാണെന്നും എഫ്ഐആറുകൾ അടിയന്തരമായി പിൻവലിക്കണമെന്നും സിജെപി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. രേഖാമൂലമുള്ള ഉറപ്പ് നാളെ സർക്കാർ നൽകാനിരിക്കെയാണ് പോലീസിന്റെ ഭാഗത്തുനിന്ന് വ്യത്യസ്തമായ നീക്കങ്ങളുണ്ടാകുന്നത്. വിദ്യാർഥികളെ വേട്ടയാടുന്നത് നിർത്തിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം.
CJP Warns Of Resuming Protest As Government Deadline To Withdraw Student Cases Expires Today













