
ബിഹാർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തികേന്ദ്രം പിടിച്ചെടുത്ത് ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറിന് ഉജ്ജ്വല ജയം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ രാജിവെച്ച ബാൻകിപുർ നിയോജക മണ്ഡലത്തിലാണ് പ്രശാന്ത് കിഷോർ അട്ടിമറി വിജയം നേടിയത്. ബിജെപി സ്ഥാനാർത്ഥി നീരജ് കുമാറിനെ 19,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോർ നിയമസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട പ്രശാന്ത് കിഷോറിനും പാർട്ടിക്കും ബിജെപിയുടെ കോട്ടയിൽ നേടിയ ഈ വിജയം വലിയ രാഷ്ട്രീയ നേട്ടമായി മാറി.
നിതിൻ നവീൻ തുടർച്ചയായി അഞ്ചുതവണ വിജയിക്കുകയും അരലക്ഷത്തിലേറെ ഭൂരിപക്ഷം നേടുകയും ചെയ്ത മണ്ഡലത്തിൽ വിദ്യാഭ്യാസവും തൊഴിലും പ്രധാന ചർച്ചാവിഷയമാക്കിയുള്ള പ്രശാന്ത് കിഷോറിന്റെ പ്രചാരണ തന്ത്രങ്ങളാണ് ഫലം കണ്ടത്. ബിജെപി സ്ഥാനാർത്ഥിയെ അവസാന നിമിഷം മാറ്റിയതും, യുവാക്കളുടെ സമരങ്ങളും പ്രദേശത്തെ പ്രക്ഷോഭങ്ങളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. തോൽവി അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ച ബിജെപി, പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ തവണ രണ്ടാമതെത്തിയ ആർജെഡി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും ശ്രദ്ധേയമായി.
മറ്റ് സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ മഞ്ജൽപൂരിൽ ബിജെപി സ്ഥാനാർത്ഥി സതീഷ് പട്ടേൽ മുപ്പതിനായിരത്തിലേറെ വോട്ടുകൾക്ക് വിജയിച്ചപ്പോൾ, മധ്യപ്രദേശിലെ ദതിയ മണ്ഡലം ഏഴായിരത്തിലേറെ വോട്ടുകൾക്ക് കോൺഗ്രസ് നിലനിർത്തി. ബിജെപി കരുത്തൻ നരോത്തം മിശ്രയ്ക്ക് സീറ്റ് നിഷേധിച്ചതിനെത്തുടർന്നുള്ള പടലപ്പിണക്കങ്ങളാണ് മധ്യപ്രദേശിൽ തിരിച്ചടിയായത്. പട്ന സർവ്വകലാശാലയും ഗാന്ധി മൈതാനവും ഉൾപ്പെടുന്ന ബാൻകിപുരിലെ പ്രശാന്ത് കിഷോറിന്റെ മുന്നേറ്റം ബിഹാർ രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുകയാണ്.
Prashant Kishor Wins Bankipur Bypoll in Major Blow to BJP in Bihar














