“ഷർട്ടിടാതെ സോപാന സംഗീതം പാടിയപ്പോഴും പൂണൂല് കാണിക്കാന്‍ ഷര്‍ട്ടില്ലാതെ നടന്നപ്പോഴും തോന്നാത്ത അമര്‍ഷം…” കെ.പി. ശശികലക്കെതിരെ മാളവിക ബിന്നി

കണ്ണൂര്‍: റാപ്പര്‍ വേടനെ പരിഹസിക്കുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ ചരിത്രാധ്യാപിക മാളവിക ബിന്നി.

ഷര്‍ട്ട് ധരിക്കാതെ സോപാന സംഗീതം പാടിയപ്പോഴും പൂണൂല് കാണിക്കാന്‍ ഷര്‍ട്ടില്ലാതെ നടന്നപ്പോഴും തോന്നാത്ത അമര്‍ഷമാണ് വേടനോടുള്ളതെങ്കില്‍ അതിന്റെ പേരാണ് ജാതിയെന്ന് മാളവിക ബിന്നി മറുപടി കൊടുത്തു. ‘കുലതൊഴില്‍’, ‘തനത് കല’, ‘പാരമ്പര്യമായി സിദ്ധിച്ച കഴിവ്’ എന്നീ ജാതി ആഭാസങ്ങളെ ഡോ. അംബേദ്കര്‍ എന്നേ എട്ടായി മടക്കി 1930കളില്‍ തന്നെ തിരികെ തന്നിട്ടുണ്ട്,’ മാളവിക ബിന്നി പറഞ്ഞു. റാപ്പര്‍ വേടനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിലാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ മാളവിക ബിന്നിയുടെ വിമര്‍ശനം.

കഴിഞ്ഞ ദിവസം റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല രംഗത്ത് വന്നിരുന്നു. വേടന്റെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പില്‍ ‘ആടികളിക്കട കുഞ്ഞുരാമ’ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നുമായിരുന്നു ശശികല നടത്തിയ പരാമര്‍ശം. ഇവിടുത്തെ പട്ടികജാതി, വര്‍ഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോയെന്നും ശശികല പരിപാടിക്കിടെ ചോദിച്ചിരുന്നു.