വൈറ്റ് ഹൗസിൽ ഗുസ്തി പോരാട്ടവും ലോകറെക്കോർഡ് വെടിക്കെട്ടുമൊരുക്കി, എന്നിട്ടും രാഷ്ട്രീയ തർക്കങ്ങളുടെ നിഴലിൽ അമേരിക്കയുടെ 250–ാം ജന്മദിനാഘോഷം

അമേരിക്ക എന്ന ലോകശക്തിക്ക് ഇപ്പോൾ പ്രായം 250! അമേരിക്കൻ ഐക്യനാടുകൾ അതിൻ്റെ രൂപീകരണത്തിൻ്റെ 250-ാം വാർഷികത്തിലേക്ക് കടക്കുമ്പോൾ, രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. എന്നാൽ, ദേശീയ ഐക്യത്തിൻ്റെ പ്രതീകമാകേണ്ട ഈ ചരിത്രമുഹൂർത്തം വലിയ രാഷ്ട്രീയ സംവാദങ്ങൾക്കും വിയോജിപ്പുകൾക്കും വഴിവെക്കുന്നു എന്നതാണ് നിലവിലെ സാഹചര്യം.

ആഘോഷങ്ങളുടെ ആസൂത്രണത്തിനായി യുഎസ് കോൺഗ്രസ് 10 വർഷം മുമ്പ് രൂപീകരിച്ച ‘അമേരിക്ക250’ എന്ന നിഷ്പക്ഷ സമിതിക്ക് പുറമെ, പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മേൽനോട്ടത്തിൽ ‘ഫ്രീഡം 250’ എന്ന പൊതു-സ്വകാര്യ പങ്കാളിത്ത സംഘടനയും സമാന്തരമായി രംഗത്തുണ്ട്. കോൺഗ്രസ് അനുവദിച്ച 150 മില്യൺ ഡോളറിന് പുറമെ ദശലക്ഷക്കണക്കിന് സ്വകാര്യ ഫണ്ടുകളും ഈ ആഘോഷങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്.

വൈറ്റ് ഹൗസിൽ യുഎഫ്‌സി പോരാട്ടം; വിവാദമായി കലാകാരന്മാരുടെ പിന്മാറ്റം

ആഘോഷങ്ങളുടെ ഭാഗമായി ജൂൺ 14-ന് (പ്രസിഡൻ്റ് ട്രംപിൻ്റെ 80-ാം ജന്മദിനത്തിൽ) വൈറ്റ് ഹൗസിൻ്റെ തെക്കേ പുൽത്തകിടിയിൽ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് (യു.എഫ്.സി) മത്സരം നടക്കും. ഇതിനായി പ്രത്യേക വേദിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. വൈറ്റ് ഹൗസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു കായികമാമാങ്കം ഇവിടെ അരങ്ങേറുന്നത്.

അതേസമയം, ജൂൺ 25 മുതൽ നാഷണൽ മാളിൽ ആരംഭിക്കുന്ന 16 ദിവസത്തെ ‘അമേരിക്കൻ സ്റ്റേറ്റ് ഫെയർ’ മേളയിലെ സംഗീത പരിപാടികളിൽ നിന്ന് മാർട്ടിന മക്ബ്രൈഡ്, ദി കമ്മഡോർസ് അടക്കമുള്ള പ്രമുഖ ഗായകർ പിന്മാറിയത് വിവാദമായിട്ടുണ്ട്. ട്രംപിൻ്റെ സംഘടനയായ ‘ഫ്രീഡം 250’ ആണ് ഇതിന് പിന്നിലെന്ന കാരണത്താലാണ് പിന്മാറ്റം. ഇതിനെതിരെ ട്രംപ് സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത് .

ലോകറെക്കോർഡ് ലക്ഷ്യമിട്ട് വെടിക്കെട്ട്

ജൂലൈ 4-ലെ സ്വാതന്ത്ര്യദിനത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടാണ് വാഷിംഗ്ടണിൽ ഒരുങ്ങുന്നത് . 2016-ൽ ഫിലിപ്പീൻസ് സ്ഥാപിച്ച ലോകറെക്കോർഡ് തകർക്കുക എന്ന ലക്ഷ്യത്തോടെ 8,60,000-ത്തിലധികം പടക്കങ്ങൾ ഉപയോഗിച്ച് 40 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗമാണ് ‘ഫ്രീഡം 250’ ആസൂത്രണം ചെയ്യുന്നത്. കൂടാതെ, ഭാവി തലമുറയ്ക്കായി തലസ്ഥാനത്തിന് പുറത്തും വിപുലമായ പരിപാടികളാണ് ‘അമേരിക്ക250’ ഒരുക്കിയിരിക്കുന്നത്. ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ ജൂലൈ 4-ന് രാജ്യത്തെ എട്ട് വ്യത്യസ്ത ടൈം സോണുകളെ പ്രതിനിധീകരിച്ച് എട്ട് തവണ ‘ബോൾ ഡ്രോപ്പ്’ ചടങ്ങ് നടക്കും.

ഫിലഡൽഫിയയിൽ കൃത്യം 250 വർഷങ്ങൾക്ക് ശേഷം, അതായത് വർഷം 2276-ൽ മാത്രം തുറക്കത്തക്ക രീതിയിൽ ഇന്നത്തെ അമേരിക്കയുടെ സാംസ്കാരിക അടയാളങ്ങൾ അടങ്ങിയ ഒരു ‘ടൈം കാപ്സ്യൂൾ’ സ്ഥാപിക്കും. ലോസ് ആഞ്ചലസ് കൊളീസിയത്തിൽ 50,000 പേർ പങ്കെടുക്കുന്ന വലിയൊരു സാംസ്കാരിക സംഗമവും കൺസേർട്ടും നടക്കും.

ഇങ്ങനെ ആഘോഷങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ പൊടിപൊടിക്കവെ ചില സംഗതികൾ കോടതി വരെ എത്തിയിട്ടുണ്ട്. നഗര നവീകരണത്തിൻ്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ ‘ലിങ്കൺ മെമ്മോറിയൽ റിഫ്ലെക്റ്റിംഗ് പൂൾ’ നീല പെയിൻ്റിടിച്ച് നവീകരിക്കാനുള്ള വൈറ്റ് ഹൗസിൻ്റെ തീരുമാനം നിയമപോരാട്ടത്തിലാണ്. ചോർച്ച ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ഭരണകൂടം വ്യക്തമാക്കുമ്പോൾ, ചരിത്രസ്മാരകങ്ങളുടെ തനിമ നശിപ്പിക്കുന്ന നിയമവിരുദ്ധമായ നടപടിയാണിതെന്ന് കാണിച്ച് ഒരു സന്നദ്ധ സംഘടന കോടതിയെ സമീപിച്ചിരിക്കുകയാണ്. ദേശീയ പൈതൃകവും ആധുനിക രാഷ്ട്രീയവും തമ്മിലുള്ള കടുത്ത മത്സരവേദിയായി അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങൾ മാറിക്കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

America’s 250th birthday celebration in the shadow of political disputes