
കെന്റക്കിയിലെ ലെക്‌സിംഗ്ടണിനു പരിസരത്തു ഞായറാഴ്ച നടന്ന വെടിവയ്പ് പരമ്പരയിൽ രണ്ട് പേർ കൊല്ലപ്പെടുകയും കെന്റക്കി സ്റ്റേറ്റ് പോലീസ് ട്രൂപ്പർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ലെക്സിംഗ്ടണിലുള്ള റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിലുണ്ടായിരുന്ന രണ്ട് സ്ത്രീകളാണാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. അക്രമി പിന്നീട് പൊലീസ് വെടിവയ്പിൽ മരിച്ചു.
ഞായറാഴ്ച രാവിലെ 11.36 ന്, ലെക്സിംഗ്ടണിലെ ബ്ലൂ ഗ്രാസ് വിമാനത്താവളത്തിന് സമീപമാണ് ആദ്യം വെടിവയ്പ് ഉണ്ടായത്. വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് ഒരു വാഹനത്തെ പിടികൂടുകയും അക്രമി അതെ തുടർന്ന് പൊലീസിനു നേരെ വെടിവയ്ക്കുകയും ചെയ്തു. അക്രമിയുടെ വെടിവയ്പിൽ പൊലീസ് ട്രൂപ്പർക്ക് പരുക്കേറ്റു.
പൊലീസ് പിൻതുടർന്നപ്പോൾ ഇയാൾ ബെല്ല്യൂ വുഡ് ഡ്രൈവിലെ 3700 ബ്ലോക്കിൽ നിന്ന് ഒരു വാഹനം തട്ടിയെടുത്ത് റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിലേക്ക് ഓടിച്ചു കയറ്റി. ഞായറാഴ്ച ആയതിനാൽ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു. ഇയാൾ പള്ളിയിലുണ്ടായിരുന്നവർക്കു നേരെ വെടിയുതിർത്തു. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. പരുക്കേറ്റ രണ്ട് പുരുഷന്മാരെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് ഉദ്യോഗസ്ഥർ അക്രമിയെ കീഴടക്കിയെങ്കിലും വെടിയേറ്റ് ഇയാൾക്ക് ജീവൻ നഷ്ടമായിരുന്നു. അക്രമിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Mass shooting in Kentucky kills 3









