
കൊച്ചി: ഭാരത കത്തോലിക്കാ സഭയ്ക്ക് അഭിമാന നിമിഷം. മലയാളിയായ ദൈവദാസി മദർ ഏലീശ്വയെ വത്തിക്കാൻ വാഴ്ത്തപ്പെട്ടവളായി ഉയർത്തുന്നു. നവംബർ 8 ന് വത്തിക്കാനിൽ മാർപാപ്പ ഫ്രാൻസിസ് മദർ ഏലീശ്വയെ ഔദ്യോഗികമായി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമെന്നാണ് വിവരം. കത്തോലിക്കാ സഭയിൽ വിശുദ്ധ പദവിക്ക് തൊട്ടുതാഴെയുള്ള ഈ പദവി, കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് (സിടിസി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയായ മദർ ഏലീശ്വയ്ക്ക് ലഭിക്കുന്നത് ഭാരത സഭയ്ക്ക് അംഗീകാരമാണ്. മദർ ഏലീശ്വയുടെ മധ്യസ്ഥതയിൽ സംഭവിച്ച അത്ഭുതം വത്തിക്കാന്റെ വിശുദ്ധർക്കായുള്ള ഡിക്കാസ്റ്ററി വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും പരിശോധിച്ച് അംഗീകരിച്ചിരുന്നു.
ഈ അംഗീകാരം മാർപാപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ, മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് വഴിയൊരുങ്ങി. നവംബർ 8ന് വല്ലാർപ്പാടം ബസലിക്കയിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും നടക്കും. മാർപാപ്പയുടെ അംഗീകാരം സ്ഥിരീകരിക്കുന്ന കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു. ഭാരതത്തിലെ ആദ്യ സന്യാസിനിയായ മദർ ഏലീശ്വയുടെ ഈ നേട്ടം, മലയാളി കത്തോലിക്കാ സമൂഹത്തിന് വലിയ ആഹ്ലാദവും അഭിമാനവും പകരുന്നു.













