‘ജെൻസി പ്രതിഷേധങ്ങളെ വെടിവെച്ചുകൊല്ലണം’, ടിജി മോഹൻദാസിന്‍റെ പരാമർശത്തിൽ വ്യാപക വിമർശനം; അന്വേഷിക്കാൻ നി‍ർദ്ദേശിച്ച് ആഭ്യന്തരമന്ത്രി, കേസെടുക്കണമെന്ന് പിണറായി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ദില്ലി ജന്തർ മന്തറിൽ സമരം ചെയ്ത ജെൻസി വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ നൽകിയ പരാതിയിലാണ് അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്. സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല. യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി.ജി. മോഹൻദാസിന്റെ കൊലവിളി പരാമർശം.

ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമായിരുന്നു എന്നും, പ്രക്ഷോഭകർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നുമായിരുന്നു മോഹൻദാസിന്റെ അധിക്ഷേപം. ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിച്ച് ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെട്ട ശേഷം വെടിവെക്കണമായിരുന്നു എന്നും, കുറച്ചുപേർ മരിക്കുകയും ചിലർക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്താലും നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. പരാമർശത്തിനെതിരെ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

അതേസമയം, ടി.ജി. മോഹൻദാസിനെതിരെ അടിയന്തരമായി കേസെടുക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. വിയോജിപ്പുകളെ ഉന്മൂലനം ചെയ്യുക എന്ന സംഘപരിവാർ നയമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കാൻ തിടുക്കം കാണിച്ച പൊലീസ്, കൊലവിളി നടത്തിയ മോഹൻദാസിനെതിരെ കേസെടുക്കാത്തത് സംഘപരിവാറിന് മുന്നിൽ മുട്ടുമടക്കുന്നതിന് തുല്യമാണെന്നും, ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ പിൻവലിച്ച് യുഡിഎഫ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

T.G. Mohandas Advocates Shooting Student Protesters; Kerala Home Minister Orders Probe

More Stories from this section

family-dental
witywide